ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തിയതായി വിവിധ എയർലൈനുകള്‍ അറിയിച്ചു. 

ദുബായ്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും കർശന വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ ബുധനാഴ്ച തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.

ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് വരുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് പോകാനായി യുഎഇ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിനും അനുമതിയില്ല. അതേസമയം യുഎഇയുടെ 10 വർഷത്തെ താമസാനുമതിയായ 'ഗോൾഡൻ വിസ' കൈവശമുള്ള ഇറാൻ പൗരന്മാർക്ക് ഈ വിലക്കിൽ ഇളവുണ്ടെന്ന് ഫ്ലൈദുബൈ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. അവർക്ക് തുടർന്നും രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് എയർലൈൻ അറിയിച്ചു. യുഎഇ വിമാനക്കമ്പനികളുടെ വെബ്‌സൈറ്റുകളിൽ ഈ അറിയിപ്പ് വന്നെങ്കിലും സർക്കാർ തലത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.

ഡ്രോൺ അവശിഷ്ടം ഫാമിൽ പതിച്ച് പ്രവാസി കൊല്ലപ്പെട്ടു

ഫുജൈറയിലെ അൽ-രിഫാ മേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി അധികൃതർ സ്ഥിരീകരിച്ചു. ബുധനാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഫുജൈറ ഗവൺമെന്റ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്. ഫുജൈറയുടെ ആകാശപരിധിയിൽ കണ്ടെത്തിയ അജ്ഞാത ഡ്രോൺ യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി വെടിവെച്ചിട്ടതായാണ് അറിയിപ്പ്. വെടിവെച്ചിട്ട ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ അൽ-രിഫാ മേഖലയിലെ ഒരു കൃഷിയിടത്തിലേക്ക് പതിക്കുകയായിരുന്നു. ഈ സമയം അവിടെയുണ്ടായിരുന്ന ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. 

സംഭവസ്ഥലത്ത് എമർജൻസി ടീമുകളും സുരക്ഷാ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രദേശം നിലവിൽ സുരക്ഷിതമാണെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിലുള്ള ഊഹാപോഹങ്ങളും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.