പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളിലും സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫോണിൽ ചർച്ച നടത്തി. മേഖലയിലെ സ്ഥിരത, സമുദ്ര സുരക്ഷ, ഉഭയകക്ഷി ബന്ധം എന്നിവ പ്രധാന വിഷയങ്ങളായി.
അബുദാബി: പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളും മേഖലയിലെ സംഘർഷ സാഹചര്യത്തിലും ആശങ്ക രേഖപ്പെടുത്തി യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇരു നേതാക്കളും ഫോണിൽ സംസാരിച്ചു. വരാനിരിക്കുന്ന ചെറിയ പെരുന്നാളിന് മുന്നോടിയായി പരസ്പരം പെരുന്നാൾ ആശംസകൾ നേർന്ന നേതാക്കൾ, മേഖലയിലെ സ്ഥിരതയെയും സമുദ്ര സുരക്ഷയെയും കുറിച്ച് വിശദമായ ചർച്ചകൾ നടത്തി.
‘എന്റെ സഹോദരൻ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി സംസാരിക്കുകയും മുൻകൂട്ടി ഈദ് ആശംസകൾ അറിയിക്കുകയും ചെയ്തു,’ എന്ന് മോദി എക്സിൽ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരുന്നു ഈ സംഭാഷണം. യുഎഇയിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നതും അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.
ആഗോള ഊർജ്ജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതവും തടസ്സമില്ലാത്തതുമായ കപ്പൽ ഗതാഗതം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു. പശ്ചിമേഷ്യയിൽ എത്രയും വേഗം സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് നേതാക്കൾ ആവർത്തിച്ചു. ഊർജ്ജ ഇറക്കുമതിക്കും ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷയ്ക്കും ഇന്ത്യ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന മേഖലയാണ് ഗൾഫ്. 2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് ശേഷം വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം വൻതോതിൽ വർധിച്ചിട്ടുണ്ട്.


