Asianet News MalayalamAsianet News Malayalam

ഹംഗറി - റൊമാനിയ അതിർത്തിയിൽ എത്തുക, നാളെ വിമാനമെത്തും, വിദ്യാർത്ഥികൾ അറിയേണ്ടത്

വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണം എന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡന്‍റിന് നല്കിയിരുന്നു. എന്നാൽ നിലവിൽ സ്ഥിതി കൈവിട്ട് പോകുമെന്ന നിലയാണ്. 

Ukraine Russia War Live Updates India Might Send Flights Tomorrow To Two Countries
Author
Kiev, First Published Feb 25, 2022, 1:27 PM IST

കീവ്/ ദില്ലി: യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാൻ ഇന്ത്യ നാളെ മുതൽ അയൽരാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്ന് സൂചന. ആദ്യഘട്ടമായി റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയയ്ക്കാനാണ് സാധ്യത. ഇന്ന് മാത്രം ആയിരം വിദ്യാർത്ഥികളെ യുക്രൈനിൽ നിന്ന് ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ  ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.

അതിർത്തികളിൽ എത്താനാണ് വിദ്യാർത്ഥികൾക്ക് അധികൃതർ നൽകുന്ന നിർദേശം. ഹംഗറി റൊമാനിയ അതിർത്തിയിൽ എത്താനാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്. അതിർത്തിക്കടുത്ത് താമസിക്കുന്നവർ ആദ്യം എത്തണം. സഹായം ആവശ്യമുള്ളവർ ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കണം (ഹെൽപ് ലൈൻ നമ്പറുകൾ ഈ വാർത്തയുടെ ചുവടെ) അതിർത്തിയിലേക്ക് ചിട്ടയോടെ നീങ്ങണം. സ്റ്റുഡന്‍റ് കോൺട്രാക്റ്റർമാരെ ആവശ്യങ്ങൾക്ക് സമീപിക്കണം. പാസ്പോർട്ട് കയ്യിൽ കരുതണം. പണം യുഎസ് ഡോളറായി കരുതുന്നതാണ് നല്ലത്. കൊവിഡ് ഡബിൾ വാക്സിനേഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ അത് കയ്യിൽ കരുതണം. യാത്ര ചെയ്യുന്ന വാഹനത്തിൽ സ്വന്തം വസ്ത്രത്തിൽ എല്ലാം വളരെ വ്യക്തമായി, വലുപ്പത്തിൽ ഇന്ത്യൻ പതാക പിൻ ചെയ്യുകയോ ഒട്ടിക്കുകയോ ചെയ്യുക. സുരക്ഷ ഉറപ്പ് വരുത്താനാണിതെന്നും എംബസി അറിയിക്കുന്നു. 

വിദേശകാര്യമന്ത്രാലയം എംബസി വഴി പുറത്തുവിടുന്ന ഏറ്റവും പുതിയ നിർദേശം ഇങ്ങനെയാണ്:

Ukraine Russia War Live Updates India Might Send Flights Tomorrow To Two Countries

 

യുക്രൈനിൽ ഇപ്പോൾ കഴിയുന്ന വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ചേർന്ന യോഗത്തിൽ പറ‍ഞ്ഞിരുന്നു. വിദ്യാർത്ഥികൾ പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ്. വെള്ളവും ഭക്ഷണവും ഉറപ്പാക്കണം എന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡന്‍റിന് നല്കിയിരുന്നു. എന്നാൽ യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ നിലവിൽ സ്ഥിതി കൈവിട്ട് പോകുമെന്ന നിലയാണ്. 

വ്യോമമേഖല അടച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ എന്നീ അതിർത്തികൾ റോഡ് മാർഗം കടന്ന് എത്തുന്നവരെ അവിടെ നിന്ന് വ്യോമമാർഗം മടക്കിക്കൊണ്ടുവരും. അതിർത്തിയിൽ ഇതിനുള്ള സൗകര്യം ഒരുക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്.  

നാലു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാരുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിറുത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്ററിലേക്കും വിമാനം അയക്കാനാണ് സാധ്യത. വ്യോമസേനാ വിമാനങ്ങൾ ആവശ്യമെങ്കിൽ ഉപയോഗിക്കും. ഫ്ളൈ ദുബായ് ഉൾപ്പടെ മറ്റു രാജ്യങ്ങളുടെ സർവ്വീസുകളും മടക്കത്തിനായി ഉപയോഗിക്കാനാവുമോ എന്നും പരിശോധിക്കുന്നുണ്ട്, പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് അകലെയുള്ളവരുടെ യാത്രയ്ക്കായി എംബസിയുടെ അറിയിപ്പിന് കാത്തിരിക്കാനാണ് നിലവിൽ നിർദേശം നൽകിയിട്ടുള്ളത്.

അതിർത്തികളിലുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ:

Image

നിലവിൽ രാജ്യസുരക്ഷ മുൻനിർത്തി മാത്രമേ യുക്രൈൻ വിഷയത്തിൽ ഒരു നിലപാടെടുക്കൂ എന്നും അത് വരെ നിഷ്പക്ഷ നിലപാട് തുടരുമെന്നും ഇന്ത്യ വ്യക്തമാക്കുന്നുണ്ട്. റഷ്യയുമായി പ്രതിരോധരംഗത്ത് ഇന്ത്യയ്ക്ക് വലിയ സഹകരണമുണ്ട്. നിലവിൽ യുക്രൈനിൽ നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾ കുടുങ്ങിക്കിടക്കുന്നുമുണ്ട്. അവരെ സുരക്ഷിതരായി തിരികെ എത്തിക്കുക എന്നതിനാണ് ആദ്യപരിഗണന എന്നും വിദേശകാര്യമന്ത്രാലയം പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് മറുപടിയായി പറഞ്ഞു. 

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios