ജനീവ: മതനിന്ദയുടെ ഉള്ളടക്കമുള്ള ​ഗാനം ആലപിച്ചെന്ന കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 22 കാരനായ ​ഗായകനെ മോചിപ്പിക്കണമെന്ന് നൈജീരിയയോട് ആവശ്യപ്പെട്ട് യുഎൻ. അന്താരാഷ്ട്ര നിയമം ലംഘിച്ചാണ് ശിക്ഷയെന്നും യുഎൻ അഭിപ്രായപ്പെട്ടു.  സം​ഗീതം ഒരു കുറ്റമല്ല എന്നാണ് യുഎൻ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നത്. യഹയ ഷെരീഫ് അമിനു എന്ന യുവാവിനെയാണ് കാനോയിലെ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചത്. മതനിന്ദാ ഉള്ളടക്കമുള്ള ​ഗാനം ഇയാൾ വാട്ട്സ് ആപ്പ് വഴി പ്രചരിപ്പിച്ചു എന്നാണ് കുറ്റം. 

കലാപരമായ ആവിഷ്കാരം നടത്തിയതന്റെ പേരിലോ ഒരു പാട്ട് ഇന്റർനെറ്റിൽ പങ്കിട്ടതിന്റെ പേരിലോ വധശിക്ഷ വിധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെയും നൈജീരിയൻ ഭരണഘടനയുടെയും ലംഘനമാണ്. യുഎൻ അം​ഗം കരിമ ബെന്നൗൺ പറഞ്ഞു. വധശിക്ഷ റദ്ദാക്കണമെന്നും അപ്പീൽ നൽകുന്ന പക്ഷം സുരക്ഷ ഉറപ്പാക്കണമെന്നും യുഎൻ വി​ദ​ഗ്ധർ അഭിപ്രായപ്പെട്ടു.  പ്രകോപിതരായ പ്രതിഷേധക്കാർ ഷെരീഫിന്റെ വീട് കത്തിച്ചിരുന്നു.