വാഷിം​ഗ്ടൺ: കൊവിഡ്19 മുക്തനായ വയോധികന് എട്ടു കോടിയിലേറെ രൂപ ആശുപത്രി ബില്‍. അമേരിക്കയിലെ മൈക്കൽ ഫ്ലോർ എന്ന എഴുപതുകാരന് ഇത്രയും ഭീമമായ തുക ആശുപത്രി ബില്ലായി ലഭിച്ചത്. 1.1 മില്യണ്‍ ഡോളറാണ് ഫ്‌ളോറിന്റെ ആശുപത്രി ചെലവായി ലഭിച്ച ബില്‍ത്തുക (ഏകദേശം 8,35,52,700 രൂപ).

മാർച്ച് 4നാണ് യുഎസിലെ വടക്കുപടിഞ്ഞാറന്‍ നഗരത്തിലുള്ള ആശുപത്രിയില്‍ മൈക്കല്‍ ഫ്‌ളോറിനെ പ്രവേശിപ്പിച്ചത്. 62 ദിവസത്തോളം മൈക്കൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഒരു ഘട്ടത്തിൽ മരണാസന്നനായതിനെ തുടർന്ന് കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് സംസാരിക്കാനും ആശുപത്രി അധികൃതർ മൈക്കിലിന് അവസരം ഒരുക്കിയിരുന്നുവെന്ന് സിയാറ്റിൽ ടൈംസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് ജീവിതത്തിലേക്ക് തിരച്ചുവന്ന ഇദ്ദേഹത്തെ മെയ് 5ന് ഡിസ്ചാർജ് ചെയ്തു.

എന്നാല്‍, 181 പേജുള്ള ആശുപത്രി ബില്‍ ലഭിച്ചതോടെ മൈക്കലും ബന്ധുക്കളും ഒന്ന് ഞെട്ടി. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതര അവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ആകെ തുക $1,122,501.04. ഇങ്ങനെയാണ് ബിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മുതിർന്ന പൗരന്മാർക്ക് സർക്കാർ നൽകിവരുന്ന ഇൻഷുറൻസ് ലഭിക്കുന്നതിനാൽ മൈക്കലിന് ഇത്രയും തുക അടക്കേണ്ടിവരില്ലെന്നാണ് റിപ്പോർട്ടുകൾ.