വാഷിംഗ്ടണ്‍: അഫ്രോഅമേരിക്കനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് അമേരിക്കന്‍ നയതന്ത്രപ്രതിനിധി കെന്‍ ജസ്റ്റര്‍. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലുള്ള പ്രതിമ സ്പ്രേ പെയിന്‍റ് അടിച്ചും കുത്തിവരച്ചും നശിപ്പിക്കുകയായിരുന്നു. 

''വാഷിംഗ്ടണ്‍ ഡിസിയിലെ ഗാന്ധി പ്രതിമ നശിപ്പിച്ചതിന് മാപ്പ്. ഞങ്ങളുടെ ആത്മാര്‍ത്ഥമായ മാപ്പപേക്ഷ സ്വീകരിക്കണം. ഞങ്ങള്‍ ഏതുതരത്തിലുമുള്ള മുന്‍വിധിക്കും വിവേചനത്തിനും എതിരാണ്. ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണത്തിലും അതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളിലും പൊതുമുതല്‍ നശിപ്പിച്ചതിലും നടുക്കം രേഖപ്പെടുത്തുന്നു. ഞങ്ങള്‍ അത് തിരുച്ചുകൊണ്ടുവരികയും ശരിയാക്കുകയും ചെയ്യും.'' - ജസ്റ്റര്‍ ട്വീറ്റ് ചെയ്തു. 

ജൂണ്‍ 2 ന് അര്‍ദ്ധരാത്രിയിലാണ് പ്രതിഷേധകര്‍ ഇന്ത്യന്‍ എംബസിക്ക് മുന്നിലെ ഗാന്ധി പ്രതിമയില്‍ സ്പ്രേ പെയിന്‍റ് ചെയ്തത്. എംബസി അധികൃതര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. 

ബുധനാഴ്ച പ്രതിമ സന്ദര്‍ശിച്ച മെട്രോപൊളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാഷിംഗ് ടണ്‍ ഡിസിയില്‍ പ്രതിഷേധകര്‍ ഒരു പള്ളി കത്തിക്കുകയും ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ ലിങ്കന്‍ സ്മൃതിയും ഉള്‍പ്പെടും. 

2000 ല്‍ അമേരിക്ക സന്ദര്‍ശിച്ച അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ലിന്‍റന്‍റെ സാന്നിദ്ധ്യത്തിലാണ് സെപ്തംബര്‍ 16ന് പ്രതിമ അനാഛാദനം ചെയ്തത്.