Asianet News MalayalamAsianet News Malayalam

Ukraine Crisis : യുക്രൈനെ ആക്രമിച്ചാൽ എണ്ണ പൈപ്‌ലൈൻ പദ്ധതി നിർത്തിക്കും: റഷ്യയോട് അമേരിക്ക

യുക്രൈനെ ഭാവിയിൽ ഒരിക്കലും നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു

US Germany step up pipeline warnings if Russia invades Ukraine
Author
Washington D.C., First Published Jan 28, 2022, 6:54 AM IST

വാഷിങ്ടൺ: യുക്രൈനെ ആക്രമിച്ചാൽ റഷ്യയുടെ എണ്ണ പൈപ്പ്ലൈൻ പദ്ധതി അനുവദിക്കില്ലെന്ന് അമേരിക്കയുടെ ഭീഷണി. റഷ്യയിൽ നിന്ന് പടിഞ്ഞാറൻ യൂറോപ്പിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള കൂറ്റൻ പൈപ്പ്ലൈനിന്റെ പ്രവർത്തികൾ നടക്കുകയാണ്. യുക്രൈനെ ആക്രമിച്ചാൽ ഉപരോധത്തിലൂടെ ഈ പൈപ്പ്ലൈൻ പണി നിർത്തിക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അമേരിക്കൻ വിദേശകാര്യ വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് പിന്തുണയുമായി ജർമനി അടക്കമുള്ള രാജ്യങ്ങളും രംഗത്തെത്തി. റഷ്യയിൽ നിന്ന് ജർമനിവരെ നീളുന്ന 1255 കിലോമീറ്റർ വരുന്ന പൈപ്പ്ലൈൻ അവസാന ഘട്ടത്തിലാണ്. 800 കോടി യൂറോയുടെ ഈ പദ്ധതി തടസപ്പെട്ടാൽ അത് റഷ്യക്ക് സാമ്പത്തികമായി വൻ തിരിച്ചടിയായിരിക്കും.

യുക്രൈനെ ഭാവിയിൽ ഒരിക്കലും നാറ്റോയിൽ അംഗമാക്കില്ലെന്ന് ഉറപ്പു വേണമെന്ന റഷ്യയുടെ ആവശ്യം അമേരിക്ക കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെ യുക്രൈൻ പ്രതിസന്ധിയിൽ പ്രശ്ന പരിഹാര സാധ്യത കൂടുതൽ മങ്ങിയതാണ്. തങ്ങൾക്കെതിരെ ഉപരോധം പ്രഖ്യാപിച്ച് ഭയപ്പെടുത്താനാണ് അമേരിക്കയുടെ ശ്രമമെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്ന് റഷ്യ മുന്നറിയിപ്പും നൽകിയിരുന്നു.

യുക്രൈൻ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കാനും കഴിഞ്ഞ ദിവസം റഷ്യ തീരുമാനിച്ചു. യൂറോപ്യൻ രാജ്യങ്ങളും സൈനിക നീക്കം ശക്തമാക്കുകയാണ്. യുക്രൈനെ ആക്രമിച്ചാൽ റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. യുദ്ധനീക്കം വൻ പ്രത്യാഘാതം വിളിച്ചുവരുത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുചിനു മേൽ വ്യക്തിപരമായ ഉപരോധം ഏർപ്പെടുത്തുന്നതിനുള്ള ആലോചനയും അമേരിക്ക നടത്തുന്നുണ്ട്. അതേസമയം അമേരിക്ക യുക്രൈനിൽ നിന്ന് പൗരന്മാരെ തിരികെ വിളിച്ചിട്ടുണ്ട്. അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്ന റഷ്യൻ സൈന്യം ഏത് നിമിഷവും യുക്രൈനെ ആക്രമിക്കുമെന്ന പ്രതീതിയാണ് നിലനിൽക്കുന്നത്. യുദ്ധത്തിനൊരുങ്ങിയാൽ കനത്ത തിരിച്ചടി നൽകുമെന്ന്  റഷ്യക്ക് ലോകരാജ്യങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios