ഇറാൻ-യുഎസ് സംഘർഷം പതിനൊന്നാം ദിവസവും രൂക്ഷമായി തുടരുന്നു. ഭൂഗർഭ ആണവകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിയോടെ സമാധാന ചർച്ചകൾ വഴിമുട്ടി. സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി കുറ്റപ്പെടുത്തി

ടെഹ്റാൻ: പതിനൊന്നാം ദിവസവും ഇറാനിൻ അമേരിക്ക ആക്രമണം തുടർന്നതോടെ പശ്ചിമേഷ്യയിൽ യുദ്ധ ഭീതി കനക്കുന്നു. ഇറാനിലെ ഭൂഗർഭ ആണവകേന്ദ്രങ്ങളടക്കം ആക്രമിക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണിമുഴക്കിയതിന് പിന്നാലെ ആക്രമണവും കനത്തിട്ടുണ്ട്. ബുഷെഹർ ആണവനിലയത്തിന്റെ തൊട്ടടുത്ത് വരെ ബോംബ് വീണെന്നാണ് റിപ്പോർട്ട്. തിരിച്ചടിയായി ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും, ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയെന്ന് ഇറാൻ. ഇതോടെ സമാധാന ചർച്ചകൾ വഴിമുട്ടിയ അവസ്ഥയിലാണ്. സമാധാന ചർച്ചയ്ക്ക് അമേരിക്ക തയ്യാറെന്നും ഇറാനാണ് വരാത്തതെന്നും യു എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റൂബിയോ കുറ്റപ്പെടുത്തി. യുദ്ധത്തിനായി അമേരിക്കയ്ക്ക് ഇതുവരെ 3750 കോടി ഡോളർ ചെലവായെന്ന് യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സെനറ്റിനെ അറിയിച്ചു.

വിശദവിവരങ്ങൾ

വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ ഇറാനും അമേരിക്കയും. കടുംപിടുത്തത്തിന്റെ ഫലം പതിനൊന്നാം നാളും തുടരുന്ന ആക്രമണ പ്രത്യാക്രമണങ്ങൾ. ടെഹ്റാനിലും കബുദാരഹങ്ങിലും ബുഷെഹ്റിലും യു എസ് പ്രഹരം. ബുഷെഹർ ആണവനിലയത്തിന്റെ തൊട്ടടുത്ത് വരെ ബോംബ് വീണു. പകരം ജോർദാനിലെ അൽ അസ്റാഖ് വ്യോമത്താവളത്തിലും, ബഹ്റൈനിലെ ഷെയ്ഖ് ഇസ വ്യോമത്താവളത്തിലും ആക്രമണം നടത്തിയെന്ന് ഇറാൻ. ചെങ്കടലിൽ ഹൂതികളുടെ നാവിക ഉപരോധം തുടരുന്നു. സംഘ‍ർഷം തുടരുന്നതിനാൽ ആഗോള വിപണിയിൽ എണ്ണവില വീണ്ടുമുയർന്നു. ഇപ്പോൾ 91 യു എസ് ഡോളറിന് മുകളിലാണ് ബ്രെന്റ് ക്രൂഡ് വില. യുദ്ധത്തിന് ഇത് വരെ മുപ്പത്തിയേഴായിരത്തിയന്പത് കോടി ഡോളർ ചെലവായെന്ന് സെനറ്റ് അപ്രോപ്പിയേഷൻസ് കമ്മിറ്റിയെ അറിയിച്ച യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെ ഡെമോക്രാറ്റുകൾ നിർത്തിപ്പൊരിച്ചു. അളവറ്റ ബോംബ് വർഷവും അതിനായി അളവറ്റ പണവും അനുവദിക്കാനാകില്ലെന്നും അവകാശവാദങ്ങളല്ലാതെ യുദ്ധം അവസാനിപ്പിക്കാൻ വേണ്ട നടപടികളുണ്ടാകുന്നില്ലെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. പിക് ആക്സ് പർവ്വതത്തിനടിയിൽ ഇറാന്റെ യുറേനിയം ശേഖരം ബോംബിട്ട് തകർക്കുമെന്ന് ഇതിനിടെ ട്രംപ് വീണ്ടും ഭീഷണി മുഴക്കി. അതിനിടെ ചർച്ചകള്‍ക്ക് പാകിസ്ഥാൻ വഴി ചില ശ്രമങ്ങൾ തുടരുന്നുണ്ട്. ഈജിപ്ത് - യു എ ഇ വിദേശകാര്യമന്ത്രിമാർ തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തി. ടെഹ്റാൻ സംസാരിക്കാൻ തയ്യാറാകാത്തതാണ് പ്രശ്നമെന്ന് മാർക്കോ റൂബിയോ കുറ്റപ്പെടുത്തി.

മിനാബിലെ സ്കൂൾ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂട്ടികളുടെ സംസ്കാരയാത്ര ഇതിനിടയിൽ ഇറാനിൽ നടക്കുകയാണ്. ഇക്കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെ ഇറാനിൽ അമ്പത് പേർ കൊല്ലപ്പെടുകയും 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഇറാന്‍റെ അറിയിപ്പ്. യുദ്ധത്തിൽ ഇതുവരെ 18 സൈനികർ കൊല്ലപ്പെട്ടതായി ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ജോർദാനിൽ കൊല്ലപ്പെട്ട രണ്ട് പേരടക്കമാണ് ഈ കണക്ക്.

YouTube video player