ഒരു വർഷം ചെലവാക്കുന്നത് 16 കോടി, ദിവസം കഴിക്കുന്നത് 111 ഗുളികകൾ; വാർധക്യം തടയാൻ കോടീശ്വരന്റെ പദ്ധതി
മരണഭയം കാരണം വളരെ പതുക്കെയാണ് ഇദ്ദേഹം കാറോടിക്കുക. തിരക്കേറിയ ലോസ് ഏഞ്ചൽസ് നഗരത്തിലൂടെ മണിക്കൂറിൽ 16 മൈൽ വേഗതയിലുള്ള ഇയാളുടെ ഡ്രൈവിങ് വാർത്തകളിലിടം പിടിച്ചിരുന്നു.
ന്യൂയോർക്ക്: വാർധക്യം തടയാൻ താൻ പ്രതിവർഷം ചെലവാക്കുന്ന 20 ലക്ഷം ഡോളറെന്ന് (16 കോടി രൂപ) കോടീശ്വരൻ ബ്രയാൻ ജോൺസന്റെ വെളിപ്പെടുത്തൽ. അന്താരാഷ്ട്ര മാധ്യമമായ ടൈമിന് നൽകിയ അഭിമുഖത്തിലാണ് 46കാരനായ ഇദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. താൻ ദിവസവും 111 ഗുളികകൾ കഴിക്കുന്നുവെന്നും പുരോഗതി ട്രാക്ക് ചെയ്യുന്നതിനായി വിവിധ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സിഗ്നൽ സംവിധാനമുള്ള ബേസ്ബോൾ തൊപ്പി ധരിച്ച് തലച്ചോറിന്റെ പ്രവർത്തനം പരിശോധിക്കുകയും എല്ലാ ദിവസവും മലം സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ധാരണം നിരീക്ഷിക്കാൻ ലിംഗത്തിൽ ഒരു ചെറിയ ജെറ്റ് പായ്ക്ക് ഘടിപ്പിച്ചാണ് ഉറങ്ങുക. തന്റെ ശരീരം മുഴുവനും ആന്റി ഏജിംഗ് അൽഗോരിതത്തിലേക്ക് മാറ്റാനാണ് ആഗ്രഹമെന്നും ബ്രയാൻ പറഞ്ഞു. 46 വർഷം പഴക്കമുള്ള തന്റെ അവയവങ്ങൾ 18 വർഷം പഴക്കമുള്ള അവയവങ്ങൾ പോലെ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ കൗമാരക്കാരനായ മകനുമായി രക്തം മാറ്റി. ഒരു ദിവസം 100-ലധികം സപ്ലിമെന്റുകളാണ് കഴിക്കുന്നത്. റിപ്പോർട്ട് പ്രകാരം 30 ഡോക്ടർമാരുടെ ഒരു സംഘം ശരീരത്തിലെ കൊഴുപ്പ് പരിശോധിക്കുകയും എംആർഐ സ്കാൻ എടുക്കുകയും ചെയ്തു. കൊളാജൻ, സ്‌പെർമിഡിൻ, ക്രിയാറ്റിൻ തുടങ്ങിയ ചേരുവകൾ അടങ്ങിയ "ഗ്രീൻ ജയന്റ്" ഉപയോഗിച്ചാണ് അദ്ദേഹം ദിവസം ആരംഭിക്കുന്നതെന്ന് ഫോർച്യൂൺ റിപ്പോർട്ട് പറയുന്നു. പ്രായം കുറക്കാനുള്ള ഇദ്ദേഹത്തിന്റെ ശ്രമങ്ങളെക്കുറിച്ച് ബ്ലൂംബെർഗ് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. പ്രോജക്റ്റ് ബ്ലൂപ്രിന്റ് എന്നാണ് ഡോക്ടർമാർ ഇദ്ദേഹത്തിന്റെ ചികിത്സയെ വിശേഷിപ്പിക്കുന്നത്.
മരണഭയം കാരണം വളരെ പതുക്കെയാണ് ഇദ്ദേഹം കാറോടിക്കുക. തിരക്കേറിയ ലോസ് ഏഞ്ചൽസ് നഗരത്തിലൂടെ മണിക്കൂറിൽ 16 മൈൽ വേഗതയിലുള്ള ഇയാളുടെ ഡ്രൈവിങ് വാർത്തകളിലിടം പിടിച്ചിരുന്നു. തന്റെ ജീവിതത്തിൽ ഏറ്റവും റിസ്ക് കൂടിയത് ഡ്രൈവിങ്ങാണെന്നും ബ്രയാൻ പറഞ്ഞിരുന്നു. തന്റെ പേയ്‌മെന്റ് പ്രോസസ്സിംഗ് കമ്പനിയായ ബ്രെയിൻട്രീ പേയ്‌മെന്റ് സൊല്യൂഷൻസ് 800 മില്യൺ ഡോളറിന് EBay-ക്ക് വിറ്റതോടെ 30ാമത്തെ വയസ്സിൽ തന്നെ ഇയാൾ സമ്പന്നനായി. ഇയാളുടെ ചീഫ് മാർക്കറ്റിംഗ് ഓഫീസറായ കേറ്റ് ടോലോയും ഇയാളെ അനുകരിച്ച് ആന്റി ഏജിങ് ജീവിതശൈലി സ്വീകരിച്ചു. 400 മില്യൺ ഡോളറാണ് നിലവിൽ ഇയാളുടെ ആസ്തി.