ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കുന്നതിൽ തന്റെ ഇടപെടൽ നിർണായകമായിരുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ചതായും ട്രംപ് പറഞ്ഞു.
വാഷിംഗ്ടൺ: ഇന്ത്യ- പാക് സംഘർഷം അവസാനിച്ചത് തന്റെ ഇടപെടലോടെയെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ പ്രകോപനം നിർത്തി, അതേ സമയം താൻ പാകിസ്ഥാന്റെ പ്രകോപനം നിർത്തിയെന്നും ട്രംപ് പറഞ്ഞു. മോദി ഗംഭീര വ്യക്തിയാണെന്നും മോദിയുമായി ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് കൂട്ടിച്ചേർത്തു.
കാനഡയിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നേരത്തെ പോകേണ്ടിവന്നിരുന്നു. ഇതെത്തുടർന്ന് ബുധനാഴ്ച നരേന്ദ്ര മോദിയും ഡോണൾഡ് ട്രംപും 35 മിനിറ്റ് ഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യ- പാക് വിഷയത്തിലും ചർച്ച നടന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. പാകിസ്ഥാൻ വെടിനിർത്തൽ അഭ്യർത്ഥിക്കാൻ നിർബന്ധിതരായെന്ന് മോദി ട്രംപിനോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, ഇറാനെ അമേരിക്ക ആക്രമിക്കുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാതെ അമേരിക്കൻ പ്രസിഡന്റ് . ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറായിരുന്നുവെന്ന് വ്യക്തമാക്കി റഷ്യ രംഗത്തെത്തി. രാഷ്ട്രങ്ങളെ ബന്ധപ്പെട്ടതായും റഷ്യ വ്യക്തമാക്കി. വ്ലാദിമിർ പുടിൻ യുഎഇ പ്രസിഡന്റുമായി സംസാരിച്ചു. സംഘർഷങ്ങളിൽ ഇരുരാഷ്ട്രങ്ങളും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
