'എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പോകുന്നത് സ്വേച്ഛാധിപതികൾക്ക് വലിയ നാണക്കേടാണ്' ജോ ബൈഡന്‍ പറഞ്ഞു.
ശീതയുദ്ധാനന്തരം ലോകത്തെ ഏതാണ്ടെല്ലാ വന്‍കരകളിലും സാന്നിധ്യമുറപ്പിച്ച് ചൈന മുന്നേറുകയായിരുന്നു. ചൈനയെ മാറ്റി നിര്‍ത്തി ലോകഗതിയുടെ ചര്‍ച്ച പഴയത് പോലെ സാധ്യമല്ലാതായി. തായ്‍ലാന്‍റിന്‍റെ കാര്യത്തിലടക്കം ഒളിഞ്ഞും തെളിഞ്ഞും ചൈനയും അമേരിക്കയും തമ്മിലുള്ള പോര് ഇതിനിടെ പലപ്പോഴായി ലോകം കണ്ടു. ഇതിനിടെയാണ് ഒരു പക്ഷേ ലോക ശക്തികളുടെ വാക് പോരുകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും തുടക്കം കുറിക്കാന്‍ പോലും സാധ്യതയുള്ള നീക്കം അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്. അതും യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ ബെയ്ജിംഗിൽ വച്ച് ഷിയെ കണ്ടതിന് ഒരു ദിവസത്തിന് ശേഷമായിരുന്നു ജോ ബൈഡന്‍റെ വിവാദ പരാമർശം.
കാലിഫോർണിയയിൽ നടന്ന ധനസമാഹരണ പരിപാടിക്കിടെയാണ് ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ, യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. 'ഏകാധിപതി'യെന്ന് വിശേഷിപ്പിച്ചത്. ചൈനീസ് ചാരൻ ബലൂൺ യുഎസ് വെടിവച്ചിട്ടതിനെത്തുടർന്ന് ഷി നാണംകെട്ടതായും ബൈഡൻ പറഞ്ഞു. പിന്നാലെ ബൈഡന്‍റെ വാക്കുകളെ ശക്തമായി എതിർത്ത് കൊണ്ട് ചൈന രംഗത്തെത്തി. ചൈനയുടെ ചാര ബലൂണ്‍, രണ്ട് പെട്ടി നിറയെ ചാര ഉപകരണങ്ങൾ ഉപയോഗിച്ച് ഞാന്‍ വെടിവച്ച് ഇട്ടപ്പോള്‍ ഷി ജിന്‍പിംഗിന് അത് അറിയില്ലായിരുന്നു. അതാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്. 'എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പോകുന്നത് സ്വേച്ഛാധിപതികൾക്ക് വലിയ നാണക്കേടാണ്' ജോ ബൈഡന്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കാലാവസ്ഥ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നുവെന്ന് ചൈന അവകാശപ്പെട്ട ബലൂണ്‍, യുഎസിന്‍റെ ആകാശത്ത് നിരവധി ദിവസങ്ങള്‍ പറന്ന് നടന്നത് ലോക ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഒടുവില്‍ യുഎസ് സൈനിക വിമാനത്തിന്‍റെ സഹായത്തോടെ ബലൂണ്‍ വെടിവച്ചിടുകയായിരുന്നു. ചൈനയുടെ 'ചാര ബലൂണാ'ണ് അതെന്നും യുഎസ് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് അത് ഉപയോഗിച്ചതെന്നും യുഎസ് ആരോപിച്ചിരുന്നു. ഈ സമയത്തായിരുന്നു ബിങ്കന്‍റെ ചൈനാ സന്ദര്‍ശനം ആദ്യം തീരുമാനിച്ചിരുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ച സന്ദര്‍ശനം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബ്ലിങ്കന്‍ യുഎസില്‍ തിരിച്ചെത്തിയത്. ഇതിന് പിന്നാലെയാണ് ജോ ബൈഡന്‍റെ അഭിപ്രായ പ്രകടനമുണ്ടായത്. ബൈഡന്‍റെ പരാമര്‍ശം അങ്ങേയറ്റം അസംബന്ധവും നിരുത്തരവാദപരവുമാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് അഭിപ്രായപ്പെട്ടു. നയതന്ത്ര മര്യാദകൾ ലംഘിക്കുന്ന തുറന്ന രാഷ്ട്രീയ പ്രകോപനമാണ് ബൈഡന്‍റെ പരാമർശമെന്ന് മാവോ നിംഗ് പറഞ്ഞു. ആന്‍റണി ബ്ലിങ്കന്‍റെ സന്ദര്‍ശനത്തിന് പിന്നാലെ ചര്‍ച്ചയില്‍ ആശാവഹമായ പുരോഗതിയുണ്ടായെന്ന് ഷി പറഞ്ഞതിന് പിന്നാലെയായിരുന്നു ജോ ബൈഡന്‍റെ പരാമര്‍ശമെന്നതും ശ്രദ്ധേയം.
