വാഷിംഗ്‌ടണ്‍: ലോകാരോഗ്യ സംഘടനയിൽ നിന്ന് അമേരിക്ക പുറത്തേക്ക്. തീരുമാനം ഔദ്യോഗികമായി വൈറ്റ് ഹൗസ് ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു. ഒരു രാജ്യത്തിന് പുറത്തുപോകാനുള്ള തീരുമാനം ഒരു വർഷം മുൻപ് അറിയിക്കണമെന്നാണ് ചട്ടം. അതിനാൽ അടുത്ത വർഷം ജൂലൈ 6 മുതൽ തീരുമാനം പ്രാബല്യത്തിലാകും. 

നേരത്തെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഐക്യരാഷ്‍ട്ര സഭയുടെ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിരുന്നു. പുറത്തേക്ക് പോകാനുള്ള നീക്കം പ്രാബല്യത്തിൽ വരുന്നതോടെ നിലവിൽ അമേരിക്ക നൽകുന്ന സാമ്പത്തിക സഹായം ലോകാരോഗ്യ സംഘടനയ്ക്ക് നഷ്ടമാകും.

അതേസമയം, വായുവിലൂടെ കൊവിഡ് പകരുമെന്ന കണ്ടെത്തൽ തള്ളുന്നില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ വായുവിലൂടെ പകരാനുള്ള സാധ്യത തള്ളാനാവില്ല. 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞൻമാരാണ് വായുവിലൂടെ കൊവിഡ് പകരുമെന്ന് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കൽ വിഭാഗം മേധാവി വ്യക്തമാക്കി.