പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.
കീവ് : റഷ്യയുടെ (Russia) യുക്രൈൻ (Ukraine) അധിനിവേശം തടയുന്നതിനും, സമാധാനം പുലരുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്നോട്ടില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ (United Nations Secretary) അന്റോണിയോ ഗുട്ടറസ്. യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം പുലരുന്നതിനും വേണ്ടിയാണ് യുഎൻ നിലകൊള്ളുന്നത്. ഇന്ന് ആ ലക്ഷ്യം കൈവരിക്കാനായില്ല. എന്നാൽ പ്രതീക്ഷ കൈവിടില്ലെന്നും സമാധാനം പുലരുന്നതിനായി പ്രവർത്തനങ്ങൾ തുടരുമെന്നും യുഎൻ സെക്രട്ടറി ജനറൽ ട്വീറ്റ് ചെയ്തു.
യുക്രൈനിൽ നിന്നും റഷ്യയുടെ സൈനിക പിൻമാറ്റം ആവശ്യപ്പെട്ടുള്ള യുഎൻ രക്ഷാ സമിതിയിലെ (UN Security Council) പ്രമേയം റഷ്യ വീറ്റോ ചെയ്തതിന് പിന്നാലെയാണ് അന്റോണിയോ ഗുട്ടറസിന്റെ പ്രതികരണം. യുഎൻ സുരക്ഷാ കൗൺസിലില്‍ ‘യുക്രെയ്ൻ പ്രമേയ’ത്തെ അമേരിക്കയടക്കം 11 രാജ്യങ്ങൾ പിന്തുണച്ചു. വോട്ടെടുപ്പിൽ നിന്നും ഇന്ത്യയും ചൈനയും യുഎഇയും വിട്ടുനിന്നു.
ചേരിചേരാനയം സ്വീകരിച്ച ഇന്ത്യ ചർച്ചയിലൂടെ യുക്രൈൻ റഷ്യ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണമെന്നും ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂർത്തി വിശദീകരിച്ചു. റഷ്യക്ക് എതിരായ പ്രമേയത്തിൽ ചൈനയുടെ പിൻമാറ്റം അപ്രതീക്ഷിതമായിരുന്നു. എതിർപ്പക്ഷത്ത് അമേരിക്കയായതിനാൽ റഷ്യക്ക് ചൈനയുടെ പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും വോട്ടെടുപ്പിൽ നിന്നും ചൈന വിട്ടുനിന്നു. ക്രൂഡോയിൽ കയറ്റുമതിയിൽ ആധിപത്യമുള്ള റഷ്യയെ പിണക്കാതെ യുഎഇയും വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു.
