ഫ്ലോറിഡയിൽ നടന്ന റാലിയിൽ, ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ 'കടൽക്കൊള്ള' എന്ന് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചു. ഇത് ലാഭകരമായ ബിസിനസ്സാണെന്നും അദ്ദേഹം പറഞ്ഞു. 

ഫ്ലോറിഡ: ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനിടയിൽ, ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേനയുടെ നീക്കത്തെ കടൽക്കൊള്ളക്കാരെപ്പോലെ എന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്ലോറിഡയിൽ നടന്ന റാലിയിൽ സംസാരിക്കവെയാണ് ട്രംപ് ഇത്തരത്തിൽ വിവാദപരമായ പരാമർശം നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

ഇറാനിയൻ തുറമുഖങ്ങളിലെ ഉപരോധം തുടരുന്നതിനിടയിൽ കപ്പലുകൾ പിടിച്ചെടുക്കുന്ന രീതിയെക്കുറിച്ച് ട്രംപ് റാലിയിൽ വിശദീകരിച്ചു. "ഞങ്ങൾ കപ്പലിന് മുകളിൽ ഇറങ്ങി അത് കൈക്കലാക്കുന്നു. കപ്പലും അതിലെ ചരക്കും എണ്ണയും ഞങ്ങൾ ഏറ്റെടുത്തു. ഇതൊരു വലിയ ലാഭകരമായ ബിസിനസ്സാണ്," ട്രംപ് പറഞ്ഞു. തങ്ങൾ കടൽക്കൊള്ളക്കാരെപ്പോലെയാണെന്നും എന്നാൽ തമാശ കളിക്കുകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇറാനിയൻ എണ്ണ കൊണ്ടുപോയ രണ്ട് ടാങ്കറുകൾ അമേരിക്കൻ സേന തടഞ്ഞതിന് പിന്നാലെ ഇറാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിയമലംഘനം: അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്ക നടത്തുന്നതെന്നും ഇത് സമുദ്രത്തിലെ "സായുധ കവർച്ച"യാണെന്നും ഇറാൻ ആരോപിച്ചു. ലോകം കടൽക്കൊള്ളക്കാരുടെ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായിൽ ബാഘായ് പറഞ്ഞു. നിയമവിരുദ്ധമായ നടപടികളെ യുഎസ് നിയമപരമായ ന്യായീകരണങ്ങൾ നൽകി മറയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുദ്ധം തുടങ്ങിയത് മുതൽ ഇറാൻ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. ഇതിന് പകരമായി ഇറാനിയൻ തുറമുഖങ്ങളിൽ ട്രംപ് ഉപരോധം ഏർപ്പെടുത്തി. വെള്ളിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഉപരോധം ലംഘിച്ച 45 കപ്പലുകൾ യുഎസ് സെൻട്രൽ കമാൻഡ് തിരിച്ചുവിട്ടു. ഇറാനിയൻ തുറമുഖങ്ങളിലേക്കോ അവിടെ നിന്നോ ഉള്ള എല്ലാ കപ്പലുകൾക്കും ഈ ഉപരോധം ബാധകമാണെന്ന് ജനറൽ ഡാൻ കെയ്ൻ വ്യക്തമാക്കിയിട്ടുണ്ട്. എത്രകാലം വേണമെങ്കിലും ഉപരോധം തുടരുമെന്നാണ് പെന്റഗൺ തലവൻ പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചിരിക്കുന്നത്. വാഷിംഗ്ടൺ തങ്ങളുടെ തുറമുഖങ്ങളിലെ ഉപരോധം തുടരുന്നിടത്തോളം കാലം ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം മാറ്റില്ലെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.