കാണാതായവരിൽ ഒരു മലയാളിയുമുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. റെഡ് ക്രോസിന്‍റെ പട്ടികയിലാണ് മലയാളി യുവതിയുടെ പേരുള്ളത്. 

വെല്ലിംഗ്‍ടൺ: ന്യൂസീലൻഡിൽ നടന്ന ഭീകരാക്രമണത്തിൽ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‍ലി. രണ്ട് ഇന്ത്യൻ പൗരൻമാർക്ക് വിദഗ്‍ധ ചികിത്സ നൽകുകയാണ്. കാണാതായവർക്കു വേണ്ടി ന്യൂസീലൻഡ് സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ച് കൃത്യമായ വിവരങ്ങൾ അവർക്ക് നൽകുന്നുണ്ടെന്നും സഞ്ജയ് കോഹ്‍ലി ഏറ്റവുമൊടുവിൽ പുറത്തുവിട്ട ട്വീറ്റിൽ പറയുന്നു.

കാണാതായവരിൽ ഒരു മലയാളിയുമുണ്ടെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഇതിനിടെ പുറത്തു വരുന്നുണ്ട്. ആക്രമണം നടന്ന സമയത്ത് പള്ളികളുടെ സമീപത്തുണ്ടായിരുന്ന, ആക്രമണത്തിന് ശേഷം കാണാതായവരുടെ പട്ടികയിലാണ് മലയാളിയായ മുസ്ലീം യുവതിയുടെ പേരുള്ളത്. 25 വയസ്സുള്ള മലയാളി യുവതിയെ കാണാനില്ലെന്ന് അവിടത്തെ മറ്റൊരു ഇന്ത്യക്കാരൻ തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ ഈ പേരുകളൊന്നും ഇതുവരെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. ഇപ്പോൾ ന്യൂസീലൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പറയുന്ന പട്ടികയിലും ഈ യുവതിയുടെ പേരുണ്ടോ എന്ന് വ്യക്തമല്ല. ഈ പട്ടികയിൽ ആരൊക്കെ ഉണ്ടെന്ന വിവരം തൽക്കാലം പുറത്തുവിട്ടിട്ടില്ല.

ഇന്ന് രാവിലെ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു എന്ന വിവരം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ പേര് വിവരങ്ങളും ഇത് വരെ ഇന്ത്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 

എന്നാൽ ഹൈദരാബാദ് സ്വദേശിയായ അഹമ്മദ് ഇഖ്ബാൽ ജഹാംഗീറിന്‍റെ നില അതീവഗുരുതരമായി തുടരുകയാണ്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഹമ്മദ് ഇഖ്ബാൽ ജഹാംഗീർ ഇപ്പോൾ വെന്‍റിലേറ്ററിലാണ്. ജഹാംഗീറിന്‍റെ രണ്ട് സുഹൃത്തുക്കൾ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.

തന്‍റെ സഹോദരൻ ഒറ്റയ്ക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നതിനാൽ ന്യൂസീലൻഡിലേക്ക് പോകാൻ അടിയന്തര വിസ നൽകാൻ ഇടപെടണമെന്ന് തെലങ്കാന, കേന്ദ്രസർക്കാരുകളോടും ന്യൂസീലൻഡ് സർക്കാരിനോടും ജഹാംഗീറിന്‍റെ സഹോദരൻ മുഹമ്മർ ഖുർഷിദ് ആവശ്യപ്പെട്ടിരുന്നു.