വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് വൈറസ് മഹാമാരിയില്‍ ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതം കാണിക്കുന്നെന്ന് ട്രംപ് പറഞ്ഞു. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ധനസഹായം നിര്‍ത്തിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് ട്രംപ് അറിയിച്ചു.  

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയുടെ പ്രധാന ധനസ്രോതസ്സ് യുഎസ് ആണെന്നും ധനസഹായം നല്‍കുന്നത് നിര്‍ത്തി വെക്കുന്നത് ആലോചിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന ഫണ്ടില്‍ എത്രയാണ് വെട്ടിക്കുറയ്ക്കുകയെന്ന് ട്രംപ് പറഞ്ഞില്ല. എന്നാല്‍ മിനിറ്റുകള്‍ക്കകം അതേ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ താന്‍ അങ്ങനെ ചെയ്യുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇതേപ്പറ്റി ആലോചിക്കുന്നതേ ഉള്ളൂവെന്നും ട്രംപ് പറഞ്ഞു. ഡബ്ല്യുഎച്ച്ഒ ചൈനയോട് പക്ഷപാതപരമായ നിലപാടാണ് കാണിക്കുന്നതെന്നും അത് ശരിയല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. 

ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ട്വിറ്ററിലൂടെയും ട്രംപ് പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയ്ക്ക് പ്രധാനമായും ധനസഹായം നല്‍കുന്നത് അമേരിക്കയാണ്. എന്നിട്ടും അവര്‍ ചൈനാകേന്ദ്രീകൃതമാണ്. ഭാഗ്യവശാല്‍ തങ്ങളുടെ അതിര്‍ത്തികള്‍ ചൈനയ്ക്ക് തുറന്നുകൊടുക്കണമെന്ന അവരുടെ ഉപദേശം താന്‍ നേരത്തെ തള്ളിയെന്നും എന്തുകൊണ്ടാണ് അവര്‍ അമേരിക്കയ്ക്ക് തെറ്റായ ഉപദേശം നല്‍കിയതെന്നും ട്രംപ് ട്വീറ്റില്‍ ചോദിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക