'ഡെൽറ്റാ വേരിയന്റ്' എന്നൊക്കെ താലിബാൻ കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നും മസ്ക് കുറിച്ചു.
താലിബാൻ പട കാബൂൾ കീഴടക്കിയ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ പ്രതികരണങ്ങളിൽ ഒന്ന് ശതകോടീശ്വരൻ എലോൺ മസ്കിന്റെതായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ താലിബാൻ സേനാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധയിലും വിമുഖതയിലും കുപിതനായിക്കൊണ്ട്, "Not one f***ing mask,"എന്ന അടികുറിപ്പോടെ ഒരു ചിത്രം പങ്കുവെച്ചാണ് മസ്ക് പ്രതികരിച്ചത്.
ചിത്രത്തിൽ കാബൂളിൽ പുതുതായി കയ്യേറിയ ഏതോ സർക്കാർ ഓഫീസിൽ വട്ടം ചുറ്റി ഇരിക്കുന്ന താലിബാൻ പോരാളികളുടെ എല്ലാം കയ്യിൽ യന്ത്രത്തോക്കുകൾ ഉണ്ടെങ്കിലും ഒരാളുടെ പോലും മുഖത്ത് മാസ്കുണ്ടായിരുന്നില്ല. 'ഡെൽറ്റാ വേരിയന്റ്' എന്നൊക്കെ താലിബാൻ കേട്ടിട്ടുപോലും ഉണ്ടാവില്ല എന്നും മസ്ക് കുറിച്ചു. ചിത്രത്തിലുള്ള ഒരാൾക്ക് അമേരിക്കൻ കോടീശ്വരനും നടനുമായ ഡാൻ ബിൽസേറിയന്റെ ഛായയുണ്ട് എന്ന് ഈ ട്വീറ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരാൾ പ്രതികരിച്ചു.

നാൽപതു വർഷമായി ആഭ്യന്തര കലാപത്തിലും യുദ്ധത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു രാജ്യമാണ് അഫ്ഗാനിസ്ഥാൻ. യുദ്ധങ്ങൾ സമ്മാനിച്ച ക്ഷാമത്തിലും, തൊഴിലില്ലായ്മയിലും, ദുരിതങ്ങളിലും കഴിയുന്ന ഇവിടത്തെ ജനങ്ങളുടെ ജീവിതങ്ങളിലേക്ക് മറ്റൊരു ഇടിത്തീയായാണ് കൊവിഡ് വന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2020 ജനുവരി മുതൽ 2021 ഓഗസ്റ്റ് വരെ അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 1,52,411 കൊവിഡ് കേസുകളാണ്. 7,047 മരണങ്ങളും ഇവിടെ കൊവിഡ് ഉണ്ടായിക്കഴിഞ്ഞു. ഇങ്ങനെ കോവിഡ് സംഹാരതാണ്ഡവം നടത്തുന്ന സാഹചര്യത്തിലും നഗരങ്ങളിൽ തിരമാല പോലെ ഇരച്ചാർത്തു വന്ന് ആക്രമണങ്ങൾ നടത്തുന്ന താലിബാൻ പടയിൽ ഒരാൾക്കുപോലും കോവിഡിനെ പേടിയില്ല എന്നത് ലോകമെമ്പാടുമുള്ള ആരോഗ്യ വിദഗ്ധരെ വിസ്മയിപ്പിച്ചിട്ടുള ഒന്നാണ്.

കൊവിഡിനെ ഭയമില്ല എന്നുമാത്രമല്ല നിലവിൽ അഷ്‌റഫ് ഗനി സർക്കാർ തുടങ്ങിയിരുന്ന കൊവിഡ് വാക്സിനേഷൻ ക്യാമ്പെയിനുകളും തകിടം മറിക്കുന്ന മട്ടിലാണ് താലിബാന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള നടപടികൾ. 18,09,517 ഡോസ് വാക്സിനുകൾ താലിബാൻ ആക്രമണങ്ങൾ തുടങ്ങും മുമ്പ് നൽകാൻ ഗനി സർക്കാരിന് കഴിഞ്ഞിട്ടുണ്ടായിരുന്നു. എയർപോർട്ടുകൾ അടച്ചത് വാക്സിനുകളുടെ ഇറക്കുമതി തടസ്സപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ അഭയാർത്ഥി ക്യാമ്പുകളിൽ തടിച്ചു കൂടുന്നതും രോഗവ്യാപനത്തിനു കാരണമായിട്ടുണ്ട്. കാബൂൾ പിടിച്ചടക്കിയപാടെ താലിബാൻ ആദ്യം പുറപ്പെടുവിച്ച ഉത്തരവുകളിൽ ഒന്ന് കൊവിഡ് വാക്സിനേഷനുകൾ നിരോധിച്ചുകൊണ്ടുള്ളതായിരുന്നു.
അങ്ങനെ ഒരുവിധം അഫ്‌ഗാനിസ്ഥാൻ മഹാമാരിയുമായി പൊരുതുന്നതിനിടെയാണ് നാട്ടിലുണ്ടായിരുന്ന ഭരണകൂടത്തെ തൂത്തെറിഞ്ഞുകൊണ്ട് ഇപ്പോൾ താലിബാൻ കടന്നു വന്നിരിക്കുന്നത്. താലിബാൻ പുതിയ സർക്കാരുണ്ടാക്കി ഭരണം തുടങ്ങുന്നതിനു പിന്നാലെ കൊവിഡ് കേസുകൾ പതിന്മടങ്ങായി വർധിക്കും എന്നാണ് ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ പറയുന്നത്. താലിബാന്റെ വരവ് അഫ്ഗാനിസ്ഥാനിലെ കൊവിഡ് സാഹചര്യം എത്രകണ്ട് വഷളാക്കും എന്ന ആശങ്കയിലാണ് ലോകം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
