ബെയ്ജിം​ഗ്: മദ്യലഹരിയിലായ യുവതി ജനൽച്ചില്ല് അടിച്ചു തകർത്തതിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നു. പ്രണയബന്ധം തകർന്നതിനെ തുടർന്ന് യുവതി വളരെ അസ്വസ്ഥയായിരുന്നെത്രേ. ചൈനയിലെ ലൂങ്ങ് എയർലൈൻസ് ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ദ് സൺ റിപ്പോർട്ട് ചെയ്തു.  29 വയസ്സുള്ള ലി എന്ന യുവതിയാണ് വിമാനത്തിനുളളിൽ വച്ച് മദ്യപിച്ച് നിയന്ത്രണം നഷ്ടപ്പെട്ട രീതിയിൽ പെരുമാറിയതെന്നാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. 

യുവതി അക്രമാസക്തയായി ജനൽച്ചില്ല് പൊട്ടിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. യുവതി സീറ്റിൽ നിന്ന് കരഞ്ഞു കൊണ്ട് എഴുന്നേൽക്കുന്നതും ജീവനക്കാരും മറ്റ് യാത്രക്കാരും ചേർന്ന് അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. തുടർച്ചയായി ഇടിച്ചാണ് ഇവർ വിമാനത്തിന്റെ ചില്ല് തകർക്കുന്നത്. വിമാനം നിലത്തിറക്കിയ ഉടൻ തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. വിമാനത്തിന്റെ ചില്ല് തകർത്തതിൽ യുവതി പിഴയൊടുക്കേണ്ടി വരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.