ശരീരം പ്രദർശിപ്പിച്ച് വസ്ത്രധാരണം; യുവതിയെ വിമാനത്തിൽ കയറ്റാതെ എയർലൈൻസ് ജീവനക്കാർ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 14, Mar 2019, 4:15 PM IST
Woman wears crop top on flight Airline asks her to cover up or get off
Highlights

വിമാനത്തിൽ കയറിയതോടെ നാല് ജീവനക്കാർ തനിക്ക് ചുറ്റും കൂടിനിൽക്കുകയും വസ്ത്രം മാറാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ബലമായി പുറത്തേക്ക് കടക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി എമിലി പറഞ്ഞു.   

ലണ്ടൻ: ശരീരഭാ​ഗങ്ങൾ പ്രദർശിപ്പിക്കുന്നതരത്തിലുള്ള വസ്ത്രം ധരിച്ചെന്നാരോപിച്ച് യുവതിയെ യാത്ര ചെയ്യാൻ അനുവദിക്കാതെ എയർലൈൻസ് ജീവനക്കാർ. മാർച്ച് രണ്ടിന് യുകെയിലെ ബിർമിങ്ഹാമിൽനിന്നും കാനറി ദ്വീപിലേക്ക് പോകാനായി വിമാനത്തിൽ കയറിയ എമിലി ഒക്കൊർണർ എന്ന യുവതിക്കാണ് ഈ ദുരനുഭവമുണ്ടായത്.  

വസ്ത്രം മാറുകയോ അല്ലെങ്കിൽ ശരീരഭാ​ഗങ്ങൾ മറയ്ക്കുകയോ ചെയ്തില്ലെങ്കിൽ യാത്ര ചെയ്യാൻ അനുവദിക്കില്ലാെന്നായിരുന്നു തോമസ് കൂക്ക് എയർലൈൻസ് ജീവനക്കാർ യുവതിയോട് പറഞ്ഞത്. ട്വിറ്ററിലൂടെ എമിലി തന്നെയാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂർത്തിയാക്കിയതിന് ശേഷമാണ് വിമാനത്തിൽ പ്രവേശിച്ചത്. എന്നാൽ വിമാനത്തിൽ കയറിയതോടെ നാല് ജീവനക്കാർ തനിക്ക് ചുറ്റും കൂടിനിൽക്കുകയും വസ്ത്രം മാറാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ബലമായി പുറത്തേക്ക് കടക്കാൻ ആവശ്യപ്പെടുകയും ചെയ്തതായി എമിലി പറഞ്ഞു.   

വിമാനത്തിൽ യാത്ര ചെയ്യുന്നവരോട് തന്റെ വസ്ത്രധാരണത്തെപറ്റി ചോദിച്ചപ്പോൾ ആരും മോശം അഭിപ്രായം പറഞ്ഞില്ല. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന ഒരു യുവാവ് തന്നോട് അപമര്യാദയായി പെരുമാറിയതായും അതിനെതിരെ എയർലൈൻ ജീവനക്കാർ പ്രതികരിച്ചില്ലെന്നും എമിലി പറയുന്നു. തുടർന്ന് ബന്ധു നൽകിയ ജാക്കറ്റ് ധരിച്ചതിന് ശേഷം മാത്രമാണ് എമിലിയെ യാത്ര ചെയ്യാൻ അനുവദിച്ചത്. തന്റെ ജീവിതത്തിൽ എറ്റവും മോശപ്പെട്ടതും ലൈംഗിക ചുവയുള്ളതും, ലജ്ജാകരവുമായ അനുഭവമാണ് ജീവനക്കാരായ നാല് പേരിൽനിന്നും നേരിട്ടതെന്നും എമിലി പറഞ്ഞു. 

അതേസമയം, വിമാന ജീവനക്കാരുടെ പെരുമാറ്റത്തിൽ ക്ഷമാപണവുമായി തോമസ് കുക്ക് കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കുന്നതായും കമ്പനി പറഞ്ഞു.  
 

loader