Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് ആശ്വാസം:കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ തടഞ്ഞ് അന്താരാഷ്ട്ര കോടതി

കേസ് പരിഗണിച്ച 16 അംഗ ജഡ്‍ജിമാരില്‍ 15 പേരും ഇന്ത്യയ്ക്ക് അനുകൂലമായ വിധി പ്രസ്‍താവിച്ചു. പാകിസ്താന്‍ വിയന്ന ചട്ടലംഘിക്കുകയും കുല്‍ഭൂഷണ്‍ ജാദവിന് സമാന്യ നീതി നിഷേധിക്കുകയും ചെയ്തെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. 

World Court Rules In Favour Of India in Khulbhushan Jadhav Case
Author
Hague, First Published Jul 17, 2019, 6:58 PM IST

ഹേഗ്: വധശിക്ഷ വിധിക്കപ്പെട്ട് പാകിസ്ഥാന്‍ ജയിലിൽ കഴിയുന്ന ഇന്ത്യന്‍ പൗരന്‍ കൂൽഭൂഷൺ ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ അപേക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നിന്നും അനുകൂല വിധി. കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്ഥാന്‍ കോടതിയുടെ നടപടി അന്താരാഷ്ട്ര നീതിന്യായ കോടതി തള്ളി. 

വധശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തി വയ്ക്കണമെന്നും ചട്ടപ്രകാരം കുല്‍ഭൂഷണ്‍ ജാദവിനെ വീണ്ടും വിചാരണ ചെയ്യണമെന്നും അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. അതേസമയം ജാദവിനെ മോചിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് ഈ കേസില്‍ ഇടപെടാനാവില്ലെന്ന പാകിസ്ഥാന്‍റെ വാദവും കോടതി തള്ളിക്കളഞ്ഞു.  

നിഷ്പക്ഷമായ രീതിയില്‍ അല്ല കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ സൈനിക കോടതി വിചാരണ ചെയ്തതെന്ന്  അന്താരാഷ്ട്ര നീതിന്യായ കോടതി നിരീക്ഷിച്ചു. പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്ത കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്രസഹായം ലഭിക്കാതെ പോയി.  വിയന്ന ഉടമ്പടിയിലെ ചട്ടങ്ങള്‍ ലംഘിച്ചു കൊണ്ടാണ് പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൈകാര്യം ചെയ്തിരിക്കുന്നത് എന്നും  കോടതി നിരീക്ഷിച്ചു. 

മുൻ നാവികസേന ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിനെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാൻ 2016 മാർച്ച് മൂന്നിനാണ് അറിയിച്ചത്. അതേസമയം ഇറാനിൽ നിന്നും ജാദവിനെ തട്ടിക്കൊണ്ട് പോയതാണെന്ന് ഇന്ത്യ പറയുന്നു. ചാരപ്രവർത്തനം ആരോപിച്ച് 2017 ഏപ്രിലിലാണ് ജാദവിനെ തൂക്കിക്കൊല്ലാൻ പാകിസ്ഥാൻ സൈനിക കോടതി വിധിച്ചത്. 

ഇതിനെതിരെ മെയ് മാസത്തിൽ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായകോടതിയെ സമീപിക്കുകയായിരുന്നു. വിയന്ന ഉടമ്പടിക്ക് വിരുദ്ധമായാണ് പാകിസ്താന്‍ കുല്‍ഭൂഷണിനെ തടവില്‍ വച്ചതും അറസ്റ്റ് ചെയ്തതുമെന്നുമായിരുന്നു ഇന്ത്യയുടെ ആരോപണം. 

ഭീഷണിപ്പെടുത്തി രേഖപ്പെടുത്തിയ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണ് വധശിക്ഷയെന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയിൽ വാദിച്ചു. നയതന്ത്രതല സഹായം കുൽഭൂഷൺ ജാദവിന് നിഷേധിച്ചത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. രണ്ട് വർഷവും രണ്ട് മാസത്തോളവും നീണ്ട കാത്തിരിപ്പിന് ശേഷമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ 15 അംഗ ബെഞ്ച് കേസിൽ ഇന്ന് വിധി പറഞ്ഞത്.

Follow Us:
Download App:
  • android
  • ios