വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 2.54 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വർധനയാണിതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്ത് ആകെ രോഗികൾ ഒരു കോടി 44 ലക്ഷം കവിഞ്ഞു. അമേരിക്കയിൽ അറുപത്തൊന്നായിരത്തിലധികം പുതിയ രോഗികളുണ്ട്. കൊവിഡ് പടരുന്നത് തടയാൻ  ഫ്രാൻസ്  അതിർത്തികൾ അടയ്ക്കാനൊരുങ്ങുകയാണ്. 

അതേ സമയം ഇറാനിൽ രണ്ടരക്കോടി പേരെയെങ്കിലും കൊവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് പ്രസിഡന്റ് ഹസൻ റൂഹാനി വെളിപ്പെടുത്തി. ഇറാൻ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ ഉദ്ധരിച്ചാണ് പ്രസിഡന്റ് കണക്ക് പുറത്തുവിട്ടത്. അടുത്ത മാസങ്ങളോടെ മൂന്നരക്കോടി പേരെയെങ്കിലും ഇനി രോഗം ബാധിച്ചേക്കാമെന്നും റൂഹാനി വ്യക്തമാക്കി. രാജ്യത്ത് 2 ലക്ഷത്തി എഴുപതിനായിരം പേർക്കാണ് കൊവിഡ് ബാധിച്ചെന്നാണ് ഇറാൻ ഇതുവരെ പറഞ്ഞിരുന്നത്. രോഗബാധ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മതപരമായ ചടങ്ങുകൾക്കുൾപ്പെടെ ഇറാൻ വീണ്ടും വിലക്കേർപ്പെടുത്തി. 

സ്പെയിനിന്റെ വടക്കു കിഴക്കൻ മേഖലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ കണക്ക് പുറത്തുവിടുന്നത് ബ്രിട്ടൻ തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണ്. പെരുപ്പിച്ച കണക്കുകളാണ് പുറത്തുവിടുന്നതെന്ന ആരോപണങ്ങളെ തുടർന്നാണ് നടപടി. സർക്കാർ ഏജൻസിയായ പബ്ലിക് ഹെൽത്ത് ഇംഗ്ലൻറാണ് കണക്കുകൾ പുറത്തുവിട്ടിരുന്നത്. കണക്കുകൾ തയ്യാറാക്കുന്ന രീതി പുനഃപരിശോധിക്കാൻ ബ്രിട്ടീഷ സർക്കാർ പബ്ലിക് ഹെൽത്ത് ഇംഗ്ലൻറിനോട് ആവശ്യപ്പെട്ടതായാണ് വിവരം.