വാഷിങ്ടൺ:  ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലരലക്ഷം കടന്നു. അമേരിക്കയിലാണ് ഏറ്റവും അധികം പേർ മരിച്ചത്. 119930 പേരാണ് അമേരിക്കയിൽ മരിച്ചത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷത്തി 90 ആയിരം കടന്നു. 

അതേസമയം ബ്രസീലിൽ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് അടുക്കുകയാണ്.  ഇന്നലെ മാത്രം 31000ത്തിന് മുകളിൽ പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 46665 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അർജന്റീനൻ പ്രസിഡന്റ് ആൽബർട്ടോ ഫെർണാണ്ടസ് സ്വയം ഐസൊലേഷനിൽ പോയി.  ഇതിനിടെ ഹൈഡ്രോക്സി ക്ലോറോക്വിൻ കൊവിഡ് മരുന്നായി ഉപയോഗിക്കുന്നത് ലോകാരോഗ്യ സംഘടന താത്കാലികമായി തടഞ്ഞു.

കൊവിഡ് വ്യാപന നിരക്കില്‍ ഇന്ത്യ ഇപ്പോൾ നാലാമതാണ്. ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തി അറുപതിനായിരത്തിന് മുകളിലെത്തിയ ഇന്ത്യ മൂന്ന് ദിവസം മുമ്പുതന്നെ ബ്രിട്ടണെ മറികടന്നിരുന്നു. പ്രതിദിന രോഗബാധ നിരക്കിലും മരണ നിരക്കിലും ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഇന്നലെ 130103  പേര്‍ക്ക് കൂടി രോഗം ബാധിച്ചപ്പോള്‍ 341 പേർ മരിച്ചു. പ്രതിദിന രോഗബാധ മരണ നിരക്കുകളില്‍ ലോക പട്ടികയി്ല്‍ ഇന്ത്യ ഇപ്പോള്‍ രണ്ടാമതാണ്.