ജനീവ: ലോകത്ത് ഇപ്പോഴും പട്ടിണിയുടെ നിഴലില്‍ കഴിയുന്ന 82 കോടി ജനങ്ങള്‍ ഉണ്ടെന്ന് യുഎന്‍ കണ്ടെത്തല്‍. യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ഇന്‍റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്‍റ്, യുഎൻ ചിൽഡ്രൻസ് ഫണ്ട് (യൂണിസെഫ്), ലോകാരോഗ്യ പദ്ധതി, ലോകാരോഗ്യ സംഘടന എന്നീ സംഘടനകള്‍ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. 2030 ഓടെ ലോകത്ത് പട്ടിണി ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടുതല്‍ ദുഷ്കരമാകും എന്നാണ് യുഎന്‍ സംഘടനകളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

കൃത്യമായി ഭക്ഷണം ലഭ്യമല്ലാത്ത ആളുകളുടെ എണ്ണം തുടർച്ചയായി മൂന്നാംവർഷവും കൂടുകയാണ് എന്ന് പഠനം പറയുന്നു. ദശലക്ഷക്കണക്കിന് കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നില്ല. കുട്ടികളുടെ വളര്‍ച്ചാ മുരടിപ്പ് പകുതിയാക്കുന്നതിനും, ഭാരം കുറഞ്ഞ കുഞ്ഞുങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും വേണ്ടത്ര കഴിയുന്നില്ലെന്നും പഠനം കണ്ടെത്തി. 

ലോകജനസംഖ്യ വലിയതോതിൽ വളരുകയാണ് ഇതിന് അനുസരിച്ച് നഗര പ്രദേശങ്ങളും വളരുന്നു. ലോകത്തിലെ ഭൂരിഭാഗം ആളുകളും നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ ബാധിക്കുകയും കർഷകരുടെ എണ്ണം കുറയുകയും ചെയ്തു. സാമ്പത്തിക വളർച്ച കുറയുകയും വരുമാന അസമത്വം നിലനിൽക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ പട്ടിണി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പഠനം പറയുന്നു.

എന്നാല്‍ പഠനത്തില്‍ കണ്ടെത്തിയ വൈരുദ്ധ്യമുള്ള കാര്യം, ലോകത്ത് പട്ടിണി വളരുമ്പോള്‍ അമിതവണ്ണവും എല്ലാ പ്രദേശങ്ങളിലും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് പോഷകാഹാരം ഇല്ലാത്തതിനാല്‍ സംഭവിക്കുന്ന ഒരു ശാരീരികാവസ്ഥയാണ്. സ്കൂൾ പ്രായമുള്ള 338 ദശലക്ഷം കുട്ടികളും കൌമാരക്കാരും അമിത ഭാരം അനുഭവിക്കുന്നു. 672 ദശലക്ഷം മുതിര്‍ന്നവര്‍ക്കാണ് പൊണ്ണത്തടിയുള്ളത്. 

അനാരോഗ്യകരമായ ഭക്ഷണരീതികള്‍ മൂലം വളര്‍ച്ച മുരടിച്ച കുട്ടികളിൽ പത്തിൽ ഒമ്പതും, അമിതഭാരമുള്ള കുട്ടികളിൽ മുക്കാൽ ഭാഗവും ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഉള്ളത്. 2015-ൽ ലോകമെമ്പാടുമുള്ള ഏഴ് കുഞ്ഞുങ്ങളിൽ ഒരാൾ ഭാരം കുറഞ്ഞുകൊണ്ടാണ് ജനിക്കുന്നത്.