അമേരിക്കയിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ കവറേജിനായി എത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും നഗ്നനാക്കി പരിശോധിക്കുകയും പിന്നീട് ബ്രിട്ടനിലേക്ക് നാടുകടത്തുകയും ചെയ്തു.

വാഷിംഗ്ടൺ: അമേരിക്കയിൽ നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തി ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് യൂട്യൂബർ അരുൺ രൂപേഷ് മൈനി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിൽ ഇറങ്ങിയതിന് പിന്നാലെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനാക്കി ദേഹപരിശോധന നടത്തിയതായാണ് വെളിപ്പെടുത്തൽ. മിസ്റ്റർ ഹൂസ് ദി ബോസ് എന്നറിയപ്പെടുന്ന അരുൺ രൂപേഷ് ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്കയിലെ ഒരു ഹൈടെക് സ്റ്റേഡിയം പദ്ധതിയുടെ കവറേജിനായിട്ടാണ് അരുൺ മൈനിയെ ക്ഷണിച്ചത്. ഏകദേശം 3 ലക്ഷം ഡോളർ (ഏകദേശം 2.5 കോടി രൂപ) ആയിരുന്നു ഇതിനായി അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്ന പ്രതിഫലം. തന്‍റെ കരിയറിലെ ഏറ്റവും വലിയ ഓഫർ ആയിരുന്നു അതെങ്കിലും വിമാനത്താവളത്തിൽ ഇറങ്ങിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

യുഎസ് ബോർഡർ പട്രോൾ ഉദ്യോഗസ്ഥർ അദ്ദേഹത്തെ തടയുകയും ഒരു പ്രത്യേക മുറിയിലേക്ക് മാറ്റുകയും ചെയ്തു. ഫോൺ ഉപയോഗിക്കാൻ പോലും അനുവദിച്ചില്ല. ആയുധധാരികളായ ഗാർഡുകൾ തന്നെ മറ്റൊരു സെല്ലിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് വസ്ത്രങ്ങൾ മുഴുവൻ അഴിപ്പിക്കുകയും ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളും പരിശോധിക്കുകയും ചെയ്തു. ഈ അനുഭവം തന്നെ മാനസികമായി വളരെയധികം തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു.

26 മണിക്കൂറോളം അദ്ദേഹം തടങ്കലിലായിരുന്നു. വീട്ടുകാരെ വിവരമറിയിക്കാൻ പോലും ഉദ്യോഗസ്ഥർ സമ്മതിച്ചില്ല. തുടർന്ന് അദ്ദേഹത്തെ ബ്രിട്ടനിലേക്ക് നാടുകടത്തി. വിമാനം പറന്നുയർന്നതിന് ശേഷം മാത്രമാണ് ഫോൺ തിരികെ നൽകിയത്. ഈ സംഭവത്തിന് ശേഷം അമേരിക്കയിലേക്ക് യാത്ര ചെയ്യുമ്പോഴെല്ലാം അരുൺ മൈനി കർശനമായ പരിശോധനകൾക്ക് വിധേയനാകേണ്ടി വരുന്നുണ്ട്. തന്‍റെ പേരിനൊപ്പം ഒരു 'ബ്ലാക്ക് മാർക്ക്' ഉള്ളതിനാൽ ഓരോ തവണയും രണ്ടാംഘട്ട പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ തന്നെ മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് അരുൺ രൂപേഷ് മൈനി?

യൂട്യൂബിൽ 2.25 കോടിയിലധികം സബ്സ്ക്രൈബേഴ്സുള്ള ലോകത്തിലെ ഏറ്റവും വലിയ ടെക് ഇൻഫ്ലുവൻസർമാരിൽ ഒരാളാണ് 30-കാരനായ അരുൺ. സ്മാർട്ട്‌ഫോൺ റിവ്യൂകളും ഗാഡ്‌ജെറ്റ് ടെസ്റ്റുകളും നടത്തിയാണ് അദ്ദേഹം കൂടുതൽ പ്രശസ്തനായത്.