മുംബൈ: മുംബൈ വാംഖഡെ പിച്ച് ക്യൂറേറ്റര്‍ക്കെതിരെ പൊട്ടിത്തെറിച്ച് ഹര്‍ഭജന്‍ സിംഗ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ റണ്‍മഴ കണ്ട മത്സരത്തിനുശേഷമാണ് ഭാജി ക്യൂറേറ്റര്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നത്. പഞ്ചാബിന്റെ 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈ 223 റണ്‍സെടുത്തിരുന്നു. മത്സരത്തില്‍ മൂന്നോവര്‍ മാത്രമെറിഞ്ഞ ഹര്‍ഭജന്‍ 45 റണ്‍സ് വഴങ്ങി. ഹര്‍ഭജന്റെ ആദ്യ ഓവറില്‍ പഞ്ചാബ് നായകന്‍ മൂന്ന് സിക്സറടക്കം 21 റണ്‍സാണ് അടിച്ചത്. ബൗളര്‍മാക്ക് യാതൊരു സഹായവും നല്‍കാതെ ബാറ്റ്സ്മാന്‍മാര്‍ക്ക് അനുകൂലമായി മാത്രം പിച്ചൊരുക്കിയതാണ് ക്യൂറേറ്റര്‍ക്കെതിരെ തിരിയാന്‍ ഹര്‍ഭജനെ പ്രേരിപ്പിച്ചത്.
ഇങ്ങനെയാണെങ്കില്‍ ബൗളിംഗ് മെഷീനുകള്‍ കൊണ്ട് പന്തെറിഞ്ഞാല്‍ മതിയെന്നും ഭാവിയില്‍ ബൗളര്‍മാരുടെ ആവശ്യമില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. പഞ്ചാബിനെതിരായ മത്സരത്തില്‍ ക്യൂറേറ്ററാണ് കളിയിലെ കേമന്‍. 460 റണ്‍സാണ് രണ്ടു ടീമും കൂടി അടിച്ചെടുത്തത്. ബൗളര്‍മാര്‍ക്ക് പകരം ബൗളിംഗ് മെഷീനുകള്‍ പന്തെറിയുന്നകാലം വിദൂരമല്ല-ഹര്‍ഭജന്‍ ട്വിറ്ററില്‍ വ്യക്തമാക്കി.
പഞ്ചാബിനെതിരായ തോല്‍വിയോടെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്താമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. 18 പോയന്റുള്ള മുംബൈ തന്നെയാണ് ഇപ്പോഴും ഒന്നാമതെങ്കിലും കൊല്‍ക്കത്ത അടുത്ത മത്സരം ജയിച്ചാല്‍ മികച്ച റണ്‍ററ്റുള്ള അവരാകും ഒന്നാമന്‍മാര്‍. അതേസമയം ജയത്തോടെ പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി.
