മെല്‍ബണ്‍: ഇന്ത്യാ-ദക്ഷിണാഫ്രിക്ക പരമ്പരയുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറുമെന്ന ദക്ഷിണാഫ്രിക്കയുടെ ഭീഷണിക്ക് പിന്നാലെ ബിസിസിഐയ്ക്ക് തിരിച്ചടിയായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നയം മാറ്റം. ഓസ്ട്രേലിയന്‍ ദേശീയ ടീമിലെ പ്രമുഖ താരങ്ങളെ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദേശവുമായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കുന്ന താരങ്ങള്‍ക്ക് ഐപിഎല്ലില കളിച്ചാല്‍ ലഭിക്കുന്ന തുകയ്ക്ക് അനുസൃതമായി നഷ്ടപരിഹാരം നല്‍കാനാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി.
ഓസ്ട്രേലിയന്‍ ദേശീയ ടീമിലെ പ്രമുഖരായ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, പേസ് ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, പാറ്റ് കുമിന്‍സ് എന്നിവര്‍ക്കാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇത്തരമൊരു വാഗ്ദാനം മുന്നോട്ട് വയ്ക്കുന്നത്. നിലവില്‍ സ്മിത്ത് റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിന്റെയും വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദദരാബാദിന്റെയും ക്യാപ്റ്റന്‍മാരാണ്.
ഐപിഎല്ലിന്റെ ആരംഭം മുതല്‍ ഏറ്റവുമധികം താരങ്ങളെത്തുന്നത് ഓസ്ട്രേലിയയില്‍ നിന്നാണ്. താര ലേലത്തില്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതും ഓസീസ് താരങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പദ്ധതി നടപ്പിലായാല്‍ ഓസീസിന്റെ മിന്നും താരങ്ങളെ ഐപിഎല്ലിന് നഷ്ടമാവും.
