മുംബൈ: അതുവരെ മെല്ലെപ്പോക്കിലായിരുന്ന എംഎസ് ധോണി അവസാന രണ്ടോവറുകളില്‍ കത്തിക്കയറി. 18-ാം ഓവര്‍ കഴിയുമ്പോള്‍ 121 റണ്‍സ് മാത്രം സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്ന പൂനെ ധോണിയുടെ സിക്സറുകളുടെ മികവില്‍ അവസാന രണ്ടോവറില്‍ അടിച്ചു കൂട്ടിയത് 41 റണ്‍സ്. ധോണിയുടെയും മനോജ് തിവാരിയുടെ ഇന്നിംഗ്സുകളുടെ കരുത്തില്‍ ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈയ്ക്കെതിരെ പൂനെ 162 റണ്‍സെടുത്തു. 26 പന്തില്‍ 40 റണ്‍സുമായി ധോണി പുറത്താകാതെ നിന്നു. അഞ്ച് സിക്സറുകളടങ്ങുന്നതായിരുന്നു ധോണിയുടെ ഇന്നിംഗ്സ്. ഇതില്‍ നാലും അവസാന രണ്ടോവറിലായിരുന്നു.

48 പന്തില്‍ 58 റണ്‍സെടുത്ത മനോജ് തിവാരിയും 43 പന്തില്‍ 56 റണ്‍സെടുത്ത അജിങ്ക്യാ രഹാനെയുമാണ് പൂനെയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍. മക്‌ലഗാനഘന്‍ പത്തൊമ്പതാം ഓവര്‍ എറിയാനെത്തുമ്പോള്‍ 150 പോലും പൂനെയ്ക്ക് ഏറെ അകലെയായിരുന്നു. എന്നാല്‍ ആ ഓവറില്‍ ധോണിയും തിവാരിയും ചേര്‍ന്ന് 26 റണ്‍സടിച്ചു. ഇതില്‍ ധോണിയുടെ വക രണ്ട് സിക്സറുകളുണ്ടായിരുന്നു.

ബൂമ്ര എറിഞ്ഞ അവസാന ഓവറിലും രണ്ട് സിക്സറടിച്ച ധോണി പൂനെയെ 162ല്‍ എത്തിച്ചെങ്കിലും അവസാന രണ്ട് പന്തുകളില്‍ റണ്ണെടുക്കാന്‍ ധോണിക്കായില്ല. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ പൂനെയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ രാഹുല്‍ ത്രിപാഠിയെ(0) മക്‌ലഗാനഘന്‍ ക്ലീന്‍ ബൗള്‍ഡാക്കി. അടുത്ത ഓവറില്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ(1) മലിംഗ ഹര്‍ദ്ദീക് പാണ്ഡ്യയുടെ കൈകകളിലെത്തിച്ചതോടെ പൂനെ പതറി. എന്നാല്‍ മൂന്നാം വിക്കറ്റി തിവാരി-രഹാനെ സഖ്യം 80 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പൂനെയെ കരകയറ്റി.