മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മികവില്‍ പൂനെ സൂപ്പര്‍ജയന്റ് നാടാടെ ഐപിഎല്‍ ഫൈനലിലെത്തി. നൊടിയിടയില്‍ ധോണി നേടിയ 40 റണ്‍സാണ് പൂനെയുടെ പ്രകടനത്തില്‍ നിര്‍ണായകമായത്. ഐപിഎല്ലില്‍ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുള്ള താരമാണ് ധോണി. തകര്‍പ്പന്‍ ബാറ്റിങിലൂടെ ടീമിന് ജയം സമ്മാനിച്ച ധോണി ഐപിഎല്ലില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തം പേരില്‍ ചേര്‍ക്കുന്നു. ഏഴാമത്തെ ഐപിഎല്‍ ഫൈനല്‍ കളിക്കാന്‍ പോകുന്ന ആദ്യ താരം എന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍കിങ്സ് ക്യാപ്റ്റന്‍ എന്ന നിലയില്‍ 2008, 2010, 2011, 2012, 2013, 2015 വര്‍ഷങ്ങളില്‍ ധോണി ഐപിഎല്‍ ഫൈനലില്‍ കളിച്ചിരുന്നു. ഇതുവരെ ആറു ഐപിഎല്‍ ഫൈനലുകള്‍ കളിച്ചിരുന്ന ധോണി, റെയ്‌ന എന്നിവരുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. ഇത്തവണ പൂനെയ്‌ക്ക് വേണ്ടി ധോണി ഫൈനലില്‍ ഇറങ്ങുന്നതോടെ ഏറ്റവുമധികം ഐപിഎല്‍ കലാശപ്പോരിന് ഇറങ്ങിയ താരമെന്ന റെക്കോര്‍ഡ് ധോണിക്ക് മാത്രം സ്വന്തമാകും. കഴിഞ്ഞദിവസം മുംബൈയ്ക്കെതിരെ 26 പന്തില്‍ 40 റണ്‍സെടുത്താണ് ധോണി മിന്നിയത്. ആദ്യ ക്വാളിഫയര്‍ റൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനെ 20 റണ്‍സിനാണ് റൈസിങ് പൂനെ സൂപ്പര്‍ജയന്റ് തോല്‍പ്പിച്ചത്.
Latest Videos
