മുംബൈ: യുവരാജ് സിംഗിന് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് നഷ്ടമായേക്കുമെന്ന് സൂചന. മുംബൈ ഇന്ത്യന്‍സുമായുള്ള ഐപിഎല്‍ മാച്ചിനിടയില്‍ സണ്‍റൈസ് ഹൈദരാബാദ് താരത്തിന് പറ്റിയ പരിക്കാണ ഇതിന് കാരണമായി പറയുന്നത്. വലത് കൈയ്യിലാണ് യുവരാജിന് ഫീല്‍ഡിങ്ങിനിടയില്‍ പരിക്കുപറ്റിയത്.

കാല്‍വെള്ളയില്‍ മുന്‍പ് തന്നെ പ്രശ്നമുണ്ടായിരുന്ന യുവരാജിന്‍റെ പരിക്ക് ഗൗരവത്തോടെയാണ് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ നിരീക്ഷിക്കുന്നത്. ഹൈദരാബാദ് ടീം ലീഡര്‍ വിവിഎസ് ലക്ഷ്മണ്‍ യുവിയുടെ പരിക്ക് സാരമല്ലാത്തതാണ് എന്ന് പറയുന്നെങ്കിലും ഇപ്പോള്‍ പരിക്കിന്‍റെ വ്യാപ്തി ടീം വ്യക്തമാക്കുന്നില്ല.

എന്നാല്‍ നാല് ദിവസത്തിന് ശേഷമാണ് ഹൈദരാബാദിന്‍റെ മത്സരം എന്നതിനാല്‍ യുവി കളത്തിലിറങ്ങുമെന്നാണ് ടീം വൃത്തങ്ങള്‍ പറയുന്നത്. മികച്ച ഫോമില്‍ അല്ലെങ്കിലും ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ കളിച്ച പരിചയ സമ്പത്താണ് യുവിക്ക് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം ലഭിക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.