മുംബൈ: ഐപിഎൽ വാതുവയ്പ്പ് സംഘവുമായി ഗുജറാത്ത് ലയൺസിന്റെ രണ്ട് കളിക്കാര്‍ക്ക് ബന്ധമുണ്ടെന്ന് സംശയം. താരങ്ങളെ ചോദ്യം ചെയ്തേക്കുമെന്ന് ഉത്തര്‍പ്രദേശ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാൺപൂരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസിന് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്.
കളിക്കാരുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായവരില്‍ നിന്ന് 41 ലക്ഷം രൂപയും 5 മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. മുംബൈയിലെ അണ്ടര്‍ 17 ടീമിൽ അംഗമായിരുന്ന ഒരു താരത്തിന് വാതുവയ്പ്പുകാരുമായി ബന്ധം ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഐപിഎല്ലിന്റെ അഴിമതി വിരുദ്ധ സമിതിയുടെ സഹായത്തോടെയാണ് മൂന്നുപേരെ പിടികൂടിയതെന്ന് ബിസിസിഐ അറിയിച്ചു. കഴിഞ്ഞ ദിവസം നടന്ന ഗുജറാത്ത്-ഡല്‍ഹി മത്സരം ഒത്തുകളിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഗുജറാത്തിന്റെ വമ്പന്‍ സ്കോര്‍ പിന്തുടര്‍ന്ന ഡല്‍ഹി രണ്ട് പന്ത് ബാക്കി നിര്‍ത്തി വിജയിക്കുകയായിരുന്നു.
