മുംബൈ: ജയിച്ചിരുന്നെങ്കില്‍ മുംബൈയ്ക്ക് അത് വെറുമൊരു ജയം മാത്രമായിരുന്നു. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന് അത് ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടവും. ആവേശകരമായ പോരാട്ടത്തിനൊടുവില്‍ ഭാഗ്യം ധീരന്‍മാരെ തുണച്ചു. ഏഴ് റണ്‍സിന് മുംബൈയെ കീഴടക്കി പഞ്ചാബ് ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത അവസാന മത്സരത്തിലേക്ക് നീട്ടി. പഞ്ചാബ് ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 230/3, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 223/6.

മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. രണ്ട് റണ്‍സുമായി ഹര്‍ഭജനും 18 പന്തില്‍ 42 റണ്‍സുമായി പൊള്ളാര്‍ഡുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ പൊള്ളാര്‍ഡ് ഡബിള്‍ എടുത്തെങ്കിലും ആദ്യ റണ്‍സ് ബാറ്റ് ക്രീസിനുള്ളില്‍ തൊടാത്തതിനാല്‍ ഒരു റണ്ണെ ലഭിച്ചുള്ളു. എങ്കിലും സ്ട്രൈക്ക് പൊള്ളാര്‍ഡിന് തന്നെ കിട്ടി. അടുത്ത പന്ത് സിക്സറിന് പറത്തിയ പൊള്ളാര്‍ഡ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് തോന്നി. ജയത്തിലേക്ക് പിന്നീട് നാലു പന്തില്‍ 9 റണ്‍സ് മതിയായിരുന്നു.

മോഹിതിന്റെ മൂന്നാം പന്ത് ഫുള്‍ടോസായി. പന്ത് ലോംഗ് ഓഫിലേക്ക് അടിച്ചെങ്കിലും പൊള്ളാര്‍ഡ് സിംഗിളെടുത്തില്ല. മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് അനായാസം നേടാമെന്ന പൊള്ളാര്‍ഡിന്റെ മോഹം പക്ഷെ നടന്നില്ല. നാലാം പന്ത് മനോഹരമായൊരു യോര്‍ക്കറിലൂടെ മോഹിത് ശര്‍മ ഡോട്ട് ബോളാക്കിയപ്പോള്‍ അഞ്ചാം പന്തിലും പൊള്ളാര്‍ഡിന് റണ്ണൊന്നും നേടാനായില്ല. ഒരു പന്തില്‍ 9 റണ്‍സ് എന്ന നിലയില്‍ അവസാന പന്തില്‍ സിംഗിളെടുത്ത് തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാന്‍ മാത്രമെ പൊള്ളാര്‍ഡിനായുള്ളു. 32 പന്തില്‍ 59 റണ്‍സെടുത്ത ലെന്‍ഡല്‍ സിമണ്‍സും 23 പന്തില്‍ 38 റണ്‍സെടുത്ത പാര്‍ഥിവ് പട്ടേലും ചേര്‍ന്ന് മുംബൈയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്.

ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 8.4 ഓവറില്‍ 99 റണ്‍സടിച്ചു. നിതീഷ് റാണയ്ക്കും(12) ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും(5) കാര്യമായി ഒന്നും ചെയ്യാനായില്ല. ഹര്‍ദ്ദീക് പാണ്ഡ്യയും(13 പന്തില്‍ 30), കരണ്‍ ശര്‍മയും(6 പന്തില്‍ 19) പൊള്ളാര്‍ഡും ചേര്‍ന്നാണ് മുംബൈയെ ജയത്തിനടുത്തെത്തിച്ചത്. നാലോവറില്‍ 57 റണ്‍സ് വഴങ്ങിയെങ്കിലും അവസാന ഓവര്‍ മനോഹരമാക്കിയ മോഹിത് ശര്‍മയാണ് കിംഗ്സിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.