മുംബൈ: കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവസാന അഞ്ചോവറില്‍ 83 റണ്‍സ് വേണ്ടിയിരുന്ന മുംബൈ മാറ്റ് ഹെന്‍റി എറിഞ്ഞ പതിനാറാം ഓവറില്‍ 27 റണ്‍സും മോഹിത് ശര്‍മ എറിഞ്ഞ പതിനേഴാം ഓവറില്‍ 17 റണ്‍സും സന്ദീപ് ശര്‍മ എറിഞ്ഞ പതിനെട്ടാം ഓവറില്‍ 16 റണ്‍സും വാരിയപ്പോള്‍ പഞ്ചാബ് വിജയ പ്രതീക്ഷ കൈവിട്ടതാണ്. അവസാന രണ്ടോവറില്‍ ജയിക്കാന്‍ 23 റണ്‍സ് മുംബൈ അനായാസം നേടുമെന്ന ഘട്ടത്തില്‍ ഏറ്റവും നിര്‍ണായകമായത് മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവറായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡ് തകര്‍ത്തടിച്ചു മുന്നേറുമ്പോള്‍ അതുവരെ അടിവാങ്ങിയ മോഹിത് ശര്‍മയെ തന്നെ പന്തേല്‍പ്പിക്കാനുള്ള ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന്റെ തീരുമാനം കളിയില്‍ വഴിത്തിരിവായി.
മോഹിത് ശര്‍മ എറിഞ്ഞ അവസാന ഓവര്‍ എറിയാനെത്തിയപ്പോള്‍ മുംബൈയ്ക്ക് ജയിക്കാന്‍ വേണ്ടത് 16 റണ്‍സായിരുന്നു. രണ്ട് റണ്‍സുമായി ഹര്‍ഭജനും 18 പന്തില്‍ 42 റണ്‍സുമായി പൊള്ളാര്‍ഡുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ പൊള്ളാര്‍ഡ് ഡബിള്‍ എടുത്തെങ്കിലും ആദ്യ റണ്‍സ് ബാറ്റ് ക്രീസിനുള്ളില്‍ തൊടാത്തതിനാല്‍ ഒരു റണ്ണെ ലഭിച്ചുള്ളു. എങ്കിലും സ്ട്രൈക്ക് പൊള്ളാര്‍ഡിന് തന്നെ കിട്ടി. അടുത്ത പന്ത് സിക്സറിന് പറത്തിയ പൊള്ളാര്‍ഡ് മുംബൈയ്ക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് തോന്നി. ജയത്തിലേക്ക് പിന്നീട് നാലു പന്തില്‍ 9 റണ്‍സ് മതിയായിരുന്നു.
മോഹിതിന്റെ മൂന്നാം പന്ത് ഫുള്‍ടോസായി. പന്ത് ലോംഗ് ഓഫിലേക്ക് അടിച്ചെങ്കിലും പൊള്ളാര്‍ഡ് സിംഗിളെടുത്തില്ല. മൂന്ന് പന്തില്‍ ഒമ്പത് റണ്‍സ് അനായാസം നേടാമെന്ന പൊള്ളാര്‍ഡിന്റെ മോഹം പക്ഷെ നടന്നില്ല. നാലാം പന്ത് മനോഹരമായൊരു യോര്‍ക്കറിലൂടെ മോഹിത് ശര്‍മ ഡോട്ട് ബോളാക്കിയപ്പോള്‍ അഞ്ചാം പന്തിലും പൊള്ളാര്‍ഡിന് റണ്ണൊന്നും നേടാനായില്ല. ഒരു പന്തില്‍ 9 റണ്‍സ് എന്ന നിലയില്‍ അവസാന പന്തില്‍ സിംഗിളെടുത്ത് തന്റെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാന്‍ മാത്രമെ പൊള്ളാര്‍ഡിനായുള്ളു.
