ബംഗളൂരു: മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗ് തെരഞ്ഞെടുത്ത ഐപിഎല്‍ ഇലവനില്‍ നായകനായി എംഎസ് ധോണി. ഐപിഎല്‍ പത്താം സീസണിലെത്തിയിട്ടും പോണ്ടിംഗിന്റെ ടീമില്‍ ഇടം നേടിയ ഒരേയൊരു ഓസ്ട്രേലിയക്കാരന്‍ ഡേവിഡ് വാര്‍ണര്‍ മാത്രമാണ്. ഓപ്പണിംഗില്‍ വാര്‍ണറുടെ പങ്കാളിയായി എത്തുന്നത് ക്രിസ് ഗെയ്‌ലാണ്.

ബംഗളൂരു നായകന്‍ വിരാട് കോലിയെ ക്യാപ്റ്റനാക്കിയില്ലെങ്കിലും പോണ്ടിംഗിന്റെ ടീമീല്‍ മൂന്നാം നമ്പറിലിറങ്ങുന്നത് കോലി തന്നെയാണ്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് നാലാം നമ്പറില്‍. കളിക്കാരനായും കോച്ചായും മുംബൈ ഇന്ത്യന്‍സിലുണ്ടായിരുന്ന താരമാണ് പോണ്ടിംഗ്. അഞ്ചാം നമ്പറില്‍ ഐപിഎല്ലിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ സുരേഷ് റെയ്നയാണ്.

ക്യാപ്റ്റന്‍ എംഎസ് ധോണിയാണ് ആറാം നമ്പറിലെത്തുന്നത്. ഡ്വയിന്‍ ബ്രാവോ ഏഴാമതെത്തുമ്പോള്‍ അമിത് മിശ്രയും ഹര്‍ഭജന്‍ സിംഗുമാണ് ടീമിലെ സ്പിന്നര്‍മാര്‍. റണ്‍നിരക്ക് നിയന്ത്രിച്ച് പന്തെറിയാനുള്ള ഹര്‍ഭജന്റെ മിടുക്കാണ് അശ്വിന് പകരം ഹര്‍ഭജനെ ഉള്‍പ്പെടുത്താന്‍ കാരണമെന്ന് പോണ്ടിംഗ് വ്യക്തമാക്കി. ലസിത് മലിംഗയും ആശിഷ് നെഹ്റയുമാണ് ടീമിലെ പേസ് ബൗളര്‍മാര്‍. എന്നാല്‍ രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായിട്ടുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് പോണ്ടിംഗിന്റെ ആരും ഇടംപിടിച്ചില്ലെന്നത് ശ്രദ്ധേയമായി.