ദില്ലി:യുവതാരങ്ങളെ കണ്ടെത്തുന്നതിലും അവരെ വളര്‍ത്തിയെടുക്കുന്നതിലും രാഹുല്‍ ദ്രാവിഡിന് അപാരമികവുണ്ട്. അതുകൊണ്ടുതന്നെയാണ് അനില്‍ കുംബ്ലെയ്ക്ക് മുമ്പ് ഇന്ത്യന്‍ പരിശീലക സ്ഥാനം വാഗ്ദാനം ചെയ്തപ്പോഴും ദ്രാവിഡ് ജൂനിയര്‍ ടീമിന്റെ പരീശിലകസ്ഥാനം തെരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മെന്റര്‍ സ്ഥാനത്തും ദ്രാവിഡുണ്ടായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ ഡല്‍ഹിക്കായി കളിച്ചത് ഭാവിയിലെ ഇന്ത്യന്‍ ടീമാണെന്ന് പറയേണ്ടിവരും. കാരണം ഇന്ത്യയുടെ ഭാവിപ്രതീക്ഷകളായ യുവതാരങ്ങളെല്ലാം ഡല്‍ഹി നിരയിലുണ്ടായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍, മറ്റൊരു മലയാളിയായ കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം ഡല്‍ഹി നിരയില്‍ അണിനിരന്നു.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശ്രദ്ദപിടിച്ചുപറ്റിയ താരം 19കാരനായ റിഷഭ് പന്തായിരുന്നു. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് റിഷഭിന്റെ പിതാവ് അന്തരിച്ചത്. എന്നിട്ടും ഐപിഎല്ലില്‍ ആദ്യ മത്സരത്തില്‍ ഡല്‍ഹിക്കായി റിഷഭ് കളിക്കാനിറങ്ങി. റിഷഭിനെ സംബന്ധിച്ചിടത്തോളം ഇത്തവണത്തെ ഐപിഎല്ലില്‍ മികച്ച സീസണായിരുന്നുവെന്ന് ദ്രാവിഡ് പറയുന്നു. വിഷമകരമായ സാഹചര്യത്തിലാണ് റിഷഭ് ഐപിഎല്ലില്‍ കളിക്കാനെത്തിയത്. റിഷഭിന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നുള്ള വിഷമകരമായ സാഹചര്യത്തില്‍ ഡല്‍ഹിക്കായി കളിക്കാനിറങ്ങിയത് അദ്ദേഹത്തിന്റെ മാനസിക കരുത്താണ് കാണിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.

ഈ പ്രകടനം തുടര്‍ന്നാല്‍ റിഷഭ് ഭാവിയില്‍ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാകുമെന്നും ദ്രാവിഡ് പ്രവചിച്ചു. സീസണില്‍ ജയിക്കാമായിരുന്ന പല കളികളിലും നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് ഡല്‍ഹിയുടെ പ്ലേ ഓഫ് സാധ്യത അടച്ചതെന്നും ദ്രാവിഡ് പറഞ്ഞു. എട്ട് ജയങ്ങളെങ്കിലുമുണ്ടെങ്കിലെ പ്ലേ ഓഫില്‍ എത്താനാവു. ഈ സീസണില്‍ ആറ് ജയങ്ങളും കഴിഞ്ഞ സീസണില്‍ ഏഴ് ജയങ്ങളുമാണ് ഡല്‍ഹിക്ക് നേടാനായതെന്നും ദ്രാവിഡ് പറഞ്ഞു.