ഐപിഎല്ലില്‍ വന്‍താരനിരയുമായി ഇറങ്ങി പൊട്ടിപ്പാളീസായ ബാംഗ്ലൂര്‍ റോയല്‍ചലഞ്ചേഴ്‌സിന് നാണംമറയ്‌ക്കാന്‍ ഒരുജയം. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ പത്തു റനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം തേടി ബാറ്റുചെയ്‌ത ഡല്‍ഹി 20 ഓവറില്‍ 151 റണ്‍സിന് പുറത്താകുകയായിരുന്നു. 45 റണ്‍സെടുത്ത റിഷഭ് പന്തും 32 റണ്‍സെടുത്ത ശ്രേയസ് അയ്യരുമാണ് ഡല്‍ഹിക്കുവേണ്ടി തിളങ്ങിയത്. മറ്റ് ബാറ്റ്‌സ്‌മാന്‍മാര്‍ക്ക് കാര്യമായ സംഭവാന നല്‍കാനായില്ല. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു വി സാംസണ്‍ രണ്ടു പന്ത് മാത്രം നേരിട്ട് പൂജ്യത്തിന് പുറത്തായി. ബാംഗ്ലൂരിന് വേണ്ടി പവന്‍ നെഗി, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
സ്‌കോര്‍- ആര്‍സിബി- 20 ഓവറില്‍ ആറിന് 161 & ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ 151ന് പുറത്ത്
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലി(58), ക്രിസ് ഗെയില്‍ (48) എന്നിവരുടെ മികവിലാണ് 161 റണ്‍സെടുത്തത്. 45 പന്ത് നേരിട്ട കോലി മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തി. 38 പന്ത് നേരിട്ട ഗെയിലും മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും പായിച്ചു. ഡല്‍ഹിക്കുവേണ്ടി പാറ്റ് കമ്മിണ്‍സ് രണ്ടു വിക്കറ്റെടുത്തു.
ഈ സീസണില്‍ ഇരു ടീമുകളുടെയും അവസാന മല്‍സരമായിരുന്നു ഇത്. തുടക്കം മുതലേ തോല്‍വികള്‍ ഏറ്റുവാങ്ങിയ ബാംഗ്ലൂര്‍ നേരത്തെ തന്നെ ഐപിഎല്ലില്‍നിന്ന് പുറത്തായിരുന്നു.
