പൂനെ: ഐപിഎല്ലില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് എംഎസ് ധോണിയെ മാറ്റിയതിന് പിന്നിലെ ബുദ്ധികേന്ദ്രം ടീം കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗാണെന്ന് ആരോപണം. ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ പോയസീസണില്‍ ഏഴോളം മത്സരങ്ങള്‍ നേരിയ വ്യത്യാസത്തില്‍ പൂനെ തോറ്റിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ഫിനിഷര്‍ എന്ന നിലയിലുമുള്ള സമ്മര്‍ദ്ദം ധോണിക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാലാണ് ധോണിയെ മാറ്റിയതെന്നും ഫ്ലെമിംഗ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ധോണിയെ പുറത്താക്കാന്‍ കാരണം താനാണെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ഫ്ലെമിംഗ് തള്ളി. ആരോപണം കെട്ടിച്ചമച്ചതാണെന്നും മുന്‍ ക്യാപ്റ്റനെതിരെ താന്‍ യാതൊരു നീക്കവും നടത്തിയിട്ടില്ലെന്നും ഫ്ലെമിംഗ് പറഞ്ഞു. വാചകങ്ങള്‍ ഉദ്ധരിക്കുമ്പോള്‍ വിശ്വാസ്യത വേണമെന്നും ഫ്ലെമിംഗ് ട്വിറ്ററില്‍ പറഞ്ഞു.

Scroll to load tweet…

ഐപിഎല്‍ പത്താം സീസണ് തൊട്ടുമുമ്പാണ് പൂനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ധോണിയെ നീക്കി സ്റ്റീവന്‍ സ്മിത്തിനെ നിയമിച്ചത്. ധോണിയെ മാറ്റിയതിനെക്കുറിച്ച് പൂനെ ടീം സഹ ഉടമ ഹര്‍ഷ ഗോയങ്ക നടത്തിയ ട്വീറ്റുകള്‍ വിവാദമാകുകയും ചെയ്തിരുന്നു. എന്തായാലും ധോണിയെ മാറ്റിയതുകൊണ്ടാണെങ്കിലും അല്ലെങ്കിലും ഇത്തവണ പൂനെ ഐപിഎല്ലില്‍ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോള്‍ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞു.