കാണ്‍പൂര്‍: ഗുജറാത്ത് ലയണ്‍സിനെ എട്ടുവിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദ് പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു. ഗുജറാത്ത് ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെയും യുവതാരം വിജയ് ശങ്കറിന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ സണ്‍റൈസേഴ്സ് അനായാസം മറികടന്നു. സ്കോര്‍ ഗുജറാത്ത് ലയണ്‍സ് 19.2 ഓവറില്‍ 154ന് ഓള്‍ ഔട്ട്. സണ്‍റൈസേഴ്സ് 18.1 ഓവറില്‍ 158/2.

155 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് തുടക്കത്തിലെ ശീഖര്‍ ധവാനെയും(18), ഹെന്‍റിക്കസിനെയും(4) നഷ്ടമായെങ്കിലും വാര്‍ണറും വിജയ് ശങ്കറും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 128 റണ്‍സ് അടിച്ചുകൂട്ടി ഹൈദരാബാദിന് അനായാസ ജയം സമ്മാനിച്ചു. വാര്‍ണര്‍ 52 പന്തില്‍ 69 റണ്‍സെടുത്തപ്പോള്ഡ ശങ്കര്‍ 44 പന്തില്‍ 63 റണ്‍സെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ ഗുജറാത്ത് 11 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 111 റണ്‍സിലെത്തിയശേഷം നാടകീയമായി തകര്‍ന്നടിയുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സ്മിത്തും(54) ഇഷാന്‍ കിഷനും(61) ചേര്‍ന്ന് 111 റണ്‍സടിച്ചശേഷം രവീന്ദ്ര ഡജേ(20) മാത്രമാണ് ഗുജറാത്ത് നിരയില്‍ രണ്ടക്കം കടന്നത്. 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍പോലും ഗുജറാത്തിനായില്ല. ക്യാപ്റ്റന്‍ സുരേഷ് റെയ്ന(2), ദിനേശ് കാര്‍ത്തിക്ക്(0), ആരോണ്‍ ഫിഞ്ച്(2) എന്നിവരെല്ലാം തീര്‍ത്തും നിരാശപ്പെടുത്തി. സണ്‍റൈസേഴ്സിനായി മുഹമ്മദ് സിറാജ് നാലു വിക്കറ്റെടുത്തപ്പോള്‍ റഷീദ് ഖാന്‍ മൂന്ന് വിക്കറ്റെടുത്തു.