രാജ്‌കോട്ട്: ഐപിഎല്ലില്‍ ഡല്‍ഹിയും ഗുജറാത്തും തമ്മിലുള്ള മത്സരത്തിലാണ് അത് സംഭവിച്ചത്‍. ഗുജറാത്ത് നായകന്‍ കൂടിയായ സുരേഷ് റെയ്‌നയ്ക്ക് അരികിലേക്ക് ഒരു യുവാവ് ഓടിവന്നു.സുരക്ഷാ വേലിക്കെട്ടുകളും പോലീസുകാരെയും മറികടന്നാണ് ഇയാള്‍ റെയ്നയ്ക്ക് അടുത്ത് എത്തിയത്. 

റെയ്‌നയുടെ പേരെഴുതിയ ജെഴ്‌സിയാണ് ഇയാള്‍ അണിഞ്ഞിരുന്നത്. കൈയ്യിലുളള വെള്ളപേപ്പറില്‍ റെയ്‌നയുടെ ഓട്ടോഗ്രാഫ് വേണമെന്നായിരുന്നു ആരാധകന്റെ അഭ്യര്‍ത്ഥന. എന്നാല്‍ ആരാധകന് ഹസ്തദാനം കൊടുത്ത റെയ്‌ന മൈതാനത്ത് നിന്നും പിന്‍വാങ്ങാന്‍ ഇയാളോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. 

അമ്പയറും ഇതിനിടെ ഇവര്‍ക്കരികിലെത്തി ഇയാളോട് ഇതേ അഭ്യര്‍ത്ഥന നടത്തി. ഒടുവില്‍ റെയ്‌നയുടേയും അമ്പയറുടേയും അഭ്യര്‍ത്ഥന സ്വീകരിച്ച പേരറിയാത്ത ആ ആരാധകന്‍ മൈതാനം വിട്ടു. സോഷ്യല്‍ മീഡിയയില്‍ ഇതിന്‍റെ വീഡിയോ വൈറലാകുകയാണ് അതിവേഗം പ്രചരിക്കുകയാണ്.