പൂനെ: ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ച് ആരാധകര്‍ വിലയിരുത്തുമ്പോഴേക്കും അതിലും മികച്ചൊരു ക്യാച്ച് പിറന്നിരിക്കും. കോറി ആന്‍ഡേഴ്സണ്‍ എടുത്തതാണോ മാര്‍ട്ടിന്‍ ഗപ്ടില്‍ എടുത്തതാണോ മികച്ച ക്യാച്ചെന്ന ചര്‍ച്ച ആരാധകര്‍ക്കിടയില്‍ ചൂടുപിടിക്കുന്നതിനിടെ അതിലും മികച്ചൊരു ക്യാച്ചെടുത്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബെന്‍ സ്റ്റോക്സ്. ഡല്‍ഹി ഡെയര്‍ഡിവിള്‍സിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹിയുടെ മുഹമ്മദ് ഷാമിയെ പുറത്താക്കാനാണ് സ്റ്റോക്സ് ബൗണ്ടറിയില്‍ അത്ഭുത ക്യാച്ചെടുത്തത്.

ജയദേവ് ഉനദ്ഘട്ടിന്റെ സ്ലോ ബോള്‍ കണക്ട് ചെയ്ത ഷാമി പോലും അത് സിക്സാണെന്ന് ഉറപ്പിച്ചിരിക്കെയാണ് ബൗണ്ടറി ലൈനില്‍ നിന്ന് ഇഞ്ചുകളുടെ അകലത്തില്‍ സ്റ്റോക്സ് പന്ത് പറന്നു പിടിച്ചത്. അതിനുശേഷം നിയന്ത്രണം നഷ്ടമായ സ്റ്റോക്സ് പന്ത് ആകാശത്തേക്കേറിഞ്ഞ് ബൗണ്ടറിലൈനിന് അപ്പുറത്തേക്ക് ചാടിയതിനുശേഷം ഗ്രൗണ്ടില്‍ തിരിച്ചെത്തി ക്യാച്ച് പൂര്‍ത്തിയാക്കി.

എന്തായാലും സ്റ്റോക്സിന്റെ ഈ ക്യാച്ചിന് മുന്നില്‍ ആന്‍ഡേഴ്സന്റെയും ഗപ്ടിലിന്റെയും ക്യാച്ചുകള്‍ തോറ്റു തൊപ്പിയിടുമെന്നാണ് ആരാധകര്‍ ഇപ്പോള്‍ പറയുന്നത്. ഇതിലും മികച്ച അടുത്തൊരു ക്യാച്ച് പിറക്കുന്നതുവരെ തല്‍ക്കാലും സ്റ്റോക്സിന്റേത് തന്നെയാണ് മികച്ച ക്യാച്ചെന്ന് സമ്മതിക്കേണ്ടിവരും.