ആലപ്പുഴ കായംകുളംകാരനായ മിഥുന്‍  കേരളത്തിനായി എട്ട് ടി20 മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റ് നേടിയിട്ടുണ്ട്. അതേസമയം, ഐപിഎല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ മിഥുന് കഴിഞ്ഞില്ല.

ജയ്പൂര്‍: ഐപിഎല്ലില്‍ രജാസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ കളിക്കുന്ന രണ്ടാമത്തെ മലയാളി താരമായി എസ് മിഥുന്‍. കൊല്‍ക്കത്ത നൈറ്റ്റൈഡേ്സിനെതിരായ മത്സരത്തിലാണ് ലെഗ് സ്പിന്നറായ മിഥുന്‍ അരങ്ങേറിയത്. പരിക്ക് മൂലം സഞ്ജു തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിച്ചിരുന്നില്ല.

ആലപ്പുഴ കായംകുളംകാരനായ മിഥുന്‍ കേരളത്തിനായി എട്ട് ടി20 മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റ് നേടിയിട്ടുണ്ട്. അതേസമയം, ഐപിഎല്ലിലെ അരങ്ങേറ്റം അവിസ്മരണീയമാക്കാന്‍ മിഥുനായില്ല. കൊല്‍ക്കത്തയുടെ കൈക്കരുത്തിന് മുന്നില്‍ രണ്ടോവര്‍ മാത്രം എറിഞ്ഞ മിഥുന്‍ 27 റണ്‍സ് വഴങ്ങി.ആദ്യ ഓവറില്‍ സുനില്‍ നരെയ്ന്‍ മിഥുമിനെ രണ്ട് തവണ സിക്സറിന് പറത്തി 14 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഓവറില്‍ ഉത്തപ്പയും ലിന്നും ചേര്‍ന്ന് 13 റണ്‍സടിച്ചു.

ഇതോടെ റോയല്‍സ് നായകന്‍ അജിങ്ക്യാ രഹാനെ മിഥുനെ ബൗളിംഗില്‍ നിന്ന് പിന്‍വലിച്ചു. കൊല്‍ക്കത്ത സ്പിന്നര്‍മാര്‍ തിളങ്ങിയ പിച്ചില്‍ മിഥുന് തിളങ്ങാനാവുമെന്നായിരുന്നു രാജസ്ഥാന്റെ പ്രതീക്ഷ. രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത 13.5 ഓവറില്‍ രണ്ടുവിക്കറ്റ് നഷ്ടത്തിലാണ് മറികടന്നത്.