വണ്‍ ഡൗണായി ക്രീസിലെത്തിയ റസല്‍ 40 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ 45 പന്തില്‍ 76 റണ്‍സെടുത്ത് പുറത്തായി
മുംബൈ: ഐപിഎല്ലില്‍ വീണ്ടും റസലാട്ടം കണ്ട മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സസിനെതിരെ മുംബൈ ഇന്ത്യന്‍സിന് 233 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ആന്ദ്രെ റസലിന്റെയും ശുഭ്മാന്‍ ഗില്ലിന്റെയും ക്രിസ് ലിന്നിന്റെയും വെടിക്കെട്ട് ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.
വണ്‍ ഡൗണായി ക്രീസിലെത്തിയ റസല്‍ 40 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഗില്‍ 45 പന്തില്‍ 76 റണ്‍സെടുത്ത് പുറത്തായി. 29 പന്തില്‍ 54 റണ്‍സെടുത്ത് പുറത്തായ ക്രിസ് ലിന്നാണ് കൊല്‍ക്കത്തക്കായി തിളങ്ങിയ മറ്റൊരു താരം. ഓപ്പണിംഗ് വിക്കറ്റില്‍ ഗില്ലും ലിന്നും ചേര്‍ന്ന് 9.3 ഓവറില്‍ 96 റണ്‍സ് അടിച്ചെടുത്തു. ലിന്നിനെ രാഹുല്‍ ചാഹര്‍ വീഴ്ത്തിയശേഷം ക്രീസിലെത്തിയ റസല്‍ പതുക്കെയാണ് തുടങ്ങിയത്.
ഗില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ തുടക്കത്തില്‍ കാഴ്ചക്കാരന്റെ റോളിലായിരുന്ന റസല്‍ അവസാന ഓവറുകളില്‍ ആഞ്ഞടിച്ചതോടെ കൊല്‍ക്കത്ത സ്കോര്‍ 200ഉം കടന്ന് കുതിച്ചു. ഏഴ് പന്തില്‍ 15 റണ്‍സെടുത്ത നായകന്‍ ദിനേശ് കാര്‍ത്തിക്കും റസലിനൊപ്പം പുറത്താകാതെ നിന്നു. മുംബൈ നിരയില്‍ നാലോവറില്‍ 54 റണ്‍സ് വഴങ്ങിയ രാഹുല്‍ ചാഹറാണ് ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയത്. മലിംഗ നാലോവറില്‍ 48 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ ജസ്പ്രീത് ബൂമ്ര നാലോവറില്‍ 44 റണ്‍സ് വഴങ്ങി.
