കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം വേണ്ടി കളിച്ച താരമാണ് അശോക് ദിന്‍ഡ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിനും വേണ്ടിയുള്ള മികച്ച പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലെത്താനും താരത്തിന് സാധിച്ചിരുന്നു.

2009 ജനുവരിയില്‍ ഇന്ത്യക്കായി ട്വന്‍റി 20യില്‍ അരങ്ങേറിയ ദിന്‍ഡ സനത് ജയസൂര്യയുടെ വിക്കറ്റ് നേടിയാണ് അന്ന് താരമായത്. ഇന്ത്യക്കായി 13 ഏകദിനങ്ങളും ഒമ്പത് ട്വന്‍റി 20 മത്സരങ്ങളും ദിന്‍ഡ കളിച്ചു. എന്നാല്‍, ഇത്തവണ ഐപിഎല്‍ ആരംഭിച്ചതിന് പിന്നാലെ ഒട്ടേറെ പരിഹാസങ്ങളാണ് അശോക് ദിന്‍ഡ ഏറ്റുവാങ്ങിയത്.

ഐപിഎല്ലില്‍ ബാറ്റ്സ്മാന്മാരില്‍ നിന്ന് കൂടുതല്‍ പ്രഹരമേറ്റ് വാങ്ങുന്ന ബൗളര്‍മാരെ 'ദിന്‍ഡ അക്കാദമി'യില്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയിലൂടെ പരിഹസിച്ചു. ആരാധകരെ കൂടാതെ ഒരിക്കല്‍ താരം കളിച്ച ആര്‍സിബി ടീം പോലും ദിന്‍ഡയെ ട്രോള്‍ ചെയ്തു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഉമേഷ് യാദവ്  മൂന്ന് വിക്കറ്റ് വിക്കറ്റ് എടുത്തപ്പോള്‍ എന്താണ് ദിന്‍ഡ അക്കാദമി എന്ന് ചോദിച്ചാണ് ആര്‍സിബി ട്വീറ്റ് ചെയ്തത്.

പിന്നീട് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഈ ട്വീറ്റ് ടീം പിന്‍വലിച്ചിരുന്നു. ഇത്രയും ആയതോടെ വിഷയത്തില്‍ അശോക് ദിന്‍ഡ തന്നെ പ്രതികരിച്ചിരിക്കുകയാണ്. തന്‍റെ കരിയറിലെ കണക്കുകള്‍ നിരത്തിയാണ് വിമര്‍ശകര്‍ക്കെതിരെ ദിന്‍ഡ രംഗത്ത് വന്നത്.  ആഭ്യന്തര ക്രിക്കറ്റില്‍ 400 വിക്കറ്റ് നേടിയതും രഞ്ജി ട്രോഫിയില്‍ ബംഗാളിന് വേണ്ടി ഒട്ടേറെ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയതിന്‍റെയും കണക്കുകള്‍ ദിന്‍ഡ വ്യക്തമാക്കുന്നു.

കൂടാതെ ഐപിഎല്ലില്‍ 78 മത്സരങ്ങളില്‍ നിന്ന് 69 വിക്കറ്റ് നേടിയതും അതിന്‍റെ എക്കോണമി റേറ്റ് 8.20 മാത്രമാണെന്നും ദിന്‍ഡയുടെ പോസ്റ്റില്‍ വ്യക്തമാണ്. ജയ്ദേവ് ഉനദ്ഘട്ട്, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ബെന്‍ സ്റ്റോക്സ് തുടങ്ങിയ താരങ്ങളെ ഒക്കെ ദിന്‍ഡ അക്കാദമിയില്‍ ചേര്‍ത്ത ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.