കൊല്‍ക്കത്തക്കെതിരെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ തന്റെ മനസിലും ഈ ഓര്‍മകളായിരുന്നുവെന്ന് മത്സരശേഷം മോയിന്‍ അലി ഡെയ്ല്‍ സ്റ്റെയിനോട് പറഞ്ഞു. 

കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ബാംഗ്ലൂരിനായി നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞത് മോയിന്‍ അലി ആയിരുന്നു. അവസാന ഓറില്‍ 24 റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്രീസിലുള്ളത് നീതീഷ് റാണയും ആന്ദ്രെ റസലും.

സമാനമായ സാഹചര്യത്തില്‍ 2016ലെ ട്വന്റി ലോകകപ്പിന്റെ ഫൈനലില്‍ അവസാന ഓവറില്‍ വെസ്റ്റ് ഇന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 19 റണ്‍സായിരുന്നു. ഇംഗ്ലണ്ടിനായി പന്തെറിയാനെത്തിയത് ബെന്‍ സ്റ്റോക്സും. സ്റ്റോക്സിനെ തുടര്‍ച്ചയായി നാലു സിക്സറുകള്‍ക്ക് പറത്തി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിന് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ചു. കൊല്‍ക്കത്തക്കെതിരെ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ തന്റെ മനസിലും ഈ ഓര്‍മകളായിരുന്നുവെന്ന് മത്സരശേഷം മോയിന്‍ അലി ഡെയ്ല്‍ സ്റ്റെയിനോട് പറഞ്ഞു.

Scroll to load tweet…

മികച്ച രീതിയില്‍ പന്തെറിഞ്ഞില്ലെങ്കില്‍ അയാള്‍ എന്നെ അടിച്ചുപറത്തുമെന്ന് എനിക്കറിയാമായിരുന്നു. അലിയുടെ ആദ്യ പന്തില്‍ നീതീഷ് റാണ സിംഗിളെടുത്ത് സ്ട്രൈക്ക് റസലിന് കൈമാറി. അടുത്ത പന്തില്‍ റസല്‍ സിക്സടിച്ചെങ്കിലും അടുത്ത രണ്ട് പന്തിലും റണ്‍സെടുക്കാന്‍ റസലിനായില്ല. ഇതോടെ കൊല്‍ക്കത്ത കളി കൈവിടുകയായിരുന്നു. അവസാന പന്തില്‍ നീതീഷ് റാണ സിക്സര്‍ നേടിയെങ്കിലും ജയം ബാംഗ്ലൂരിനൊപ്പം നിന്നു.

13 റണ്‍സാണ് അലി അവസാന ഓവറില്‍ വഴങ്ങിയത്. സ്റ്റെയിന്‍ വന്നതോടെ ബാംഗ്ലൂര്‍ ജയിച്ചു തുടങ്ങിയെന്നും എല്ലാ മത്സരങ്ങളിലും ഇനി താങ്കള്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും സ്റ്റെയിനോട് അലി പറഞ്ഞു. 2010 ഏപ്രിലിലാണ് സ്റ്റെയിന്‍ അവസാനമായി ബാംഗ്ലൂരിനായി കളിച്ചത്.