ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. നായകന്‍ ധോണിക്ക് വിശ്രമം അനുവദിച്ചതിനാല്‍ സുരേഷ് റെയ്ന ആണ് ഇന്ന് ചെന്നൈയെ നയിക്കുന്നത്. സാം ബില്ലിംഗ്സാണ് ധോണിയുടെ പകരക്കാരനായി ചെന്നൈ ടീമിലിറങ്ങുന്നത്. സാന്റ്നര്‍ക്ക് പകരം കരണ്‍ ശര്‍മയും ചെന്നൈയുടെ അന്തിമ ഇലവനിലെത്തി.

ഹൈദരാബാദ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. റിക്കി ബൂയിയും അഭിഷേക് ശര്‍മയും അന്തിമ ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ യൂസഫ് പത്താനും ഷഹബാസ് നദീമും ഹൈദരാബാദിന്റെ അന്തിമ ഇലവനിലെത്തി.

പ്ലേ ഓഫ് ഉറപ്പിക്കാനാണ് ചെന്നൈ ഇറങ്ങുന്നതെങ്കില്‍ വിജയവഴിയില്‍ തിരിച്ചെത്താനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇറങ്ങുന്നത്. നല്ലതുടക്കത്തിനുശേഷം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ തോറ്റ ഹൈദരാബാദ് കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയിരുന്നു.എട്ട് കളികളില്‍ 14 പോയന്റുമായി പ്ലേ ഓഫിന് തൊട്ടടുത്താണ് ചെന്നൈ. ഏഴ് കളികളില്‍ ആറ് പോയന്റ് മാത്രമുള്ള ഹൈദരാബാദാകട്ടെ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.