വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏപ്രില്‍ 23നാണ് ചെന്നെെ ആദ്യ മത്സരം കളിക്കുന്നത്. വിരാട് കോലിയും ധോണിയും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയുള്ളതിനാല്‍ ആരാധകരുടെ വന്‍ ഒഴുക്കാകും സ്റ്റേഡിയത്തിലേക്കെന്ന് ഉറപ്പാണ്

ചെന്നെെ: രണ്ട് വര്‍ഷം കളത്തിന് പുറത്ത് നിന്നിട്ട് പോലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിംഗ് ധോണി എല്ലാമെല്ലാമായ ചെന്നെെ സൂപ്പര്‍ കിംഗ്സിനോട് ആരാധകര്‍ക്ക് പ്രത്യേക ഇഷ്ടമാണ്. ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോര്‍ഡ് ഉള്ള ടീമേതെന്ന് ചോദിച്ചാലും അതിന്‍റെ ഉത്തരം ചെന്ന് നില്‍ക്കുക സൂപ്പര്‍ കിംഗ്സില്‍ തന്നെയാണ്.

ഇപ്പോള്‍ ക്രിക്കറ്റ് പിച്ചിന് പുറത്തുള്ള ഒരു കാര്യത്തിലൂടെ ചെന്നെെ സംഘം കൂടുതല്‍ ആരാധകരുടെ ഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ്. ചെന്നെെ ചെപ്പോക്കിലെ തങ്ങളുടെ ആദ്യ ഹോം മത്സരത്തില്‍ നിന്ന് ലഭിക്കുന്ന തുക പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് നല്‍കുമെന്നാണ് ഇപ്പോള്‍ സൂപ്പര്‍ കിംഗ്സ് ടീം ഡയറക്ടര്‍ അറിയിച്ചിരിക്കുന്നത്.

വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവുമായി ഏപ്രില്‍ 23നാണ് ചെന്നെെ ആദ്യ മത്സരം കളിക്കുന്നത്. വിരാട് കോലിയും ധോണിയും നേര്‍ക്കുനേര്‍ വരുന്നുവെന്ന പ്രത്യേകതയുള്ളതിനാല്‍ ആരാധകരുടെ വന്‍ ഒഴുക്കാകും സ്റ്റേഡിയത്തിലേക്കെന്ന് ഉറപ്പാണ്.

അതിനാല്‍ ടിക്കറ്റ് വില്‍പന തകൃതിയായി മുന്നോട്ട് പോകുന്നുണ്ട്. ടിക്കറ്റ് വില്‍പനയില്‍ നിന്ന് ലഭിക്കുന്ന തുകയാകും വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് ടീം കെെമാറുക. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്‍റ് കേണല്‍ കൂടിയായി മഹേന്ദ്ര സിംഗ് ധോണിയായിരിക്കും ചെക്ക് കെെമാറുകയെന്ന് ടീം ഡയറക്ടര്‍ രാകേഷ് സിംഗ് പറഞ്ഞു.

പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജയ്ഷെ ഇ മുഹമ്മദ് എന്ന ഭീകരസംഘടനയാണ് പുല്‍വാമയില്‍ ചാവേര്‍ ആക്രമണം നടത്തിയത്. ഇതിന് തിരിച്ചടിയായി ഇന്ത്യ നിയന്ത്രണരേഖ കടന്ന ബാലകോട്ടിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തിരുന്നു.