Asianet News MalayalamAsianet News Malayalam

വീണ്ടും തോല്‍വി; പ്ലേ ഓഫ് കാണാതെ ബാംഗ്ലൂര്‍ പുറത്ത്

അവസാന നാലോവറില്‍ 52 റണ്‍സായിരുന്നു ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇഷാന്ത് ശര്‍മ എറിഞ്ഞ പതിനേഴാം ഓവരില്‍ 17 റണ്‍സടിച്ച് ബാംഗ്ലൂരിനായി സ്റ്റോയിനസും ഗുര്‍കീരത് മന്നും പ്രതീക്ഷ നല്‍കിയെങ്കിലും കാഗിസോ റബാദയുടെ ഉജ്ജ്വല ബൗളിംഗ് അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

Delhi capitals beat Royal Challengers Banglore to book play off berth
Author
Delhi, First Published Apr 28, 2019, 7:42 PM IST

ദില്ലി: ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്താവുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 16 റണ്‍സ് തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ പൊലിഞ്ഞത്. ജയത്തോടെ 16 പോയന്റോടെ ഡല്‍ പ്ലേ ഓഫ് ബര്‍ത്തുറപ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും ഓപ്പണര്‍ ശീഖര്‍ ധവാന്റെയും അര്‍ധസെഞ്ചുറികളുടെ മികവില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂരിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അവസാന നാലോവറില്‍ 52 റണ്‍സായിരുന്നു ബാംഗ്ലൂരിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇഷാന്ത് ശര്‍മ എറിഞ്ഞ പതിനേഴാം ഓവരില്‍ 17 റണ്‍സടിച്ച് ബാംഗ്ലൂരിനായി സ്റ്റോയിനസും ഗുര്‍കീരത് മന്നും പ്രതീക്ഷ നല്‍കിയെങ്കിലും കാഗിസോ റബാദയുടെ ഉജ്ജ്വല ബൗളിംഗ് അവരുടെ പ്രതീക്ഷകള്‍ തകര്‍ത്തു.

പത്തൊമ്പതാം ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത ഇഷാന്തും ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി. പാര്‍ഥിവ് പട്ടേലും(20 പന്തില്‍ 39) ക്യാപ്റ്റന്‍ വിരാട് കോലിയും(17 പന്തില്‍ 23) ചേര്‍ന്ന് ബാംഗ്ലൂരിന് മികച്ച തുടക്കമിട്ടെങ്കിലും ഡിവില്ലിയേഴ്സ്(17), ശിവം ദുബെ(24) എന്നിവര്‍ നിലയുറപ്പിക്കാതെ മടങ്ങിയത് തിരിച്ചടിയായി. 19 പന്തില്‍ 27 റണ്‍സെടുത്ത ഗുര്‍കീരത്തും 24 പന്തില്‍ 32 റണ്‍സുമായി പുറത്താകാതെ നിന്ന സ്റ്റോയിനസും ചേര്‍ന്നാണ് ബാംഗ്ലൂരിന്റെ തോല്‍വിഭാരം കുറച്ചത്. ഡല്‍ഹിക്കായി റബാദയും അമിത് മിശ്രയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റണ്‍സെടുത്തത്. ശിഖര്‍ ധവാന്‍ (37 പന്തില്‍ 50), ശ്രേയാസ് അയ്യര്‍ (37 പന്തില്‍ 52) എന്നിവരുടെ ഇന്നിങ്‌സാണ് ഡല്‍ഹിക്ക് തുണയായത്.

ധവാന്‍, അയ്യര്‍ എന്നിവര്‍ക്ക് പുറമെ പൃഥ്വി ഷാ (18), ഋഷഭ് പന്ത് (7), കോളിന്‍ ഇന്‍ഗ്രാം (11) എന്നിവരുടെ വിക്കറ്റുകളാണ് ഡല്‍ഹിക്ക് നഷ്ടമായത്. ഷെര്‍ഫാനെ റുഥര്‍ഫോര്‍ഡ് (13 പന്തില്‍ 28), അക്ഷര്‍ പട്ടേല്‍ (9 പന്തില്‍ 16) എന്നിവര്‍ പുറത്താവാതെ നിന്നു. ബാംഗ്ലൂരിനായി യൂസ്‌വേന്ദ്ര ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉമേഷ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, നവ്ദീപ് സൈനി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios