ദില്ലി: ഐ പി എല്ലിൽ രാത്രി എട്ടിന് തുടങ്ങുന്ന ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഡൽഹി കാപിറ്റൽസ്, കിംഗ്സ് ഇലവൻ പഞ്ചാബിനെ നേരിടും. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം. പോയിന്‍റ് പട്ടികയിലെ മുന്നും നാലും സ്ഥാനക്കാര്‍ ഏറ്റുമുട്ടുമ്പോള്‍ പോരാട്ടത്തിന് വീറും വാശിയും കൂടും.

ഡൽഹിക്കൊപ്പം പത്തുപോയിന്‍റുണ്ടെങ്കിലും റൺനിരക്കാണ് പ‍ഞ്ചാബിനെ നാലാം സ്ഥാനത്താക്കിയത്. ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ, റിഷഭ് പന്ത് , കാഗിസോ റബാഡ എന്നിവരുടെ മികവിലാണ് ഡൽഹിയുടെ പ്രതീക്ഷ. ഹോം ഗ്രൗണ്ടിൽ തുടർ തോൽവികൾ നേരിടുന്നതാണ് ഡൽഹിയുടെ തിരിച്ചടി.

ക്രിസ് ഗെയ്ൽ , കെ എൽ രാഹുൽ , മായങ്ക് അഗർവാൾ , ക്യാപ്റ്റൻ ആർ അശ്വിൻ എന്നിവരാണ് പഞ്ചാബിന്‍റെ കരുത്ത്. അവസാന നിമിഷങ്ങളില്‍ കളി വരുതിയിലാക്കാന്‍ ശേഷിയുള്ള ബൗളിംഗ് നിരയും സന്ദര്‍ശകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്.