ഹൈദരാബാദ്: അവസാന പന്തുവരെ ആവേശം നിറഞ്ഞ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ ഫൈനലിലെ അവസാന പന്ത് താന്‍ കണ്ടില്ലെന്ന് മുംബൈ ടീം ഉടമ നിത അംബാനി. അവസാന പന്ത് കാണാനുള്ള ധൈര്യം തനിക്കില്ലായിരുന്നുവെന്നും നിത അംബാനി മത്സരശേഷം പറഞ്ഞു. മത്സരം അവസാന ഓവറിലെത്തിപ്പോള്‍ ഓരോ പന്തിനും നിത ബൗണ്ടറിക്ക് പുറത്ത് പ്രാര്‍ഥനയിലായിരുന്നു.

അവസാന പന്തെറിയുമ്പോള്‍ ഞാന്‍ കണ്ണടച്ച് പ്രാര്‍ഥിക്കുകയായിരുന്നു. പിന്നീട് ഗ്യാലറിയില്‍ ആരാധകരുടെ ആരവം കേട്ടപ്പോഴാണ് കണ്ണു തുറന്നത്. മുംബൈയെ നാലു തവണ കിരീടത്തിലേക്ക നയിച്ച നായകന്‍ രോഹിത് ശര്‍മയെ അഭിനന്ദിക്കുന്നുവെന്നും നിത പറഞ്ഞു.

ആദ്യ ഓവറുകളില്‍ പ്രഹരമേറ്റു വാങ്ങിയിട്ടും അവസാന ഓവറില്‍ ശക്തമായി തിരിച്ചുവന്ന മലിംഗയുടെ പ്രകടനത്തെ മകന്‍ അക്ഷയ് അംബാനിയും പ്രകീര്‍ത്തിച്ചു. അതാണ് ലസിത് മലിംഗ. കഴിഞ്ഞ 10-12 വര്‍ഷമായി അദ്ദേഹം ഇത് ചെയ്യുന്നു. ഈ ടീമിനകത്ത് അദ്ദേഹത്തിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും ആകാശ് അംബാനി പറഞ്ഞു. ആവേശം അവസാന പന്ത് വരെ നീണ്ടു നിന്ന ഫൈനലില്‍ ഒരു റണ്ണിനാണ് മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചത്.