ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ജീവന്‍മരണ പോരാട്ടമായിരുന്നു. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്നതിനാല്‍ ഇരു ടീമുകളും വീറോടെ പൊരുതുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് ഇന്നിംഗ്സിനിടെ രണ്ടാമത്തെ സ്ട്രാറ്റജിക് ടൈം ഔട്ടില്‍ കൊല്‍ക്കത്ത നായകന്‍ ദിനേശ് കാര്‍ത്തിക് സഹതാരങ്ങളോട് ചൂടായത് കാണികളെ അമ്പരപ്പിച്ചു.

സാം കറന്‍ നല്‍കിയ അനായാസ ക്യാച്ച് റിങ്കു സിംഗ് നിലത്തിടുകയും പിന്നീട് കറന്‍ അടിച്ചുതകര്‍ക്കുകയും ചെയ്തിരുന്നു. കൊല്‍ക്കത്ത ബൗളര്‍മാരുടെ മോശം പന്തേറ് കൂടിയായതോടെ പഞ്ചാബ് വലിയ സ്കോറിലേക്ക് കുതിച്ചു. ഇതാണ് കൊല്‍ക്കത്ത നായകനെ ചൊടിപ്പിച്ചത്. മത്സരശേഷം കാര്‍ത്തിക് തന്നെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. ചിലരുടെ ഫീല്‍ഡിംഗിലും ബൗളിംഗിലും ഞാന്‍ തൃപ്തനല്ലായിരുന്നു. ദേഷ്യപ്പെടേണ്ടയിടത്ത് ദേഷ്യപ്പെട്ടേ മതിയാവു. അതിനാലാണ് കളിക്കാരോട് ദേഷ്യപ്പെട്ട് സംസാരിച്ചത്-കാര്‍ത്തിക് പറഞ്ഞു.

മത്സരത്തിനിടെ ബൗളിംഗ് ലഭിക്കാത്തതില്‍ സുനില്‍ നരെയ്ന്‍ അസ്വസ്ഥനാവുകയും റോബിന്‍ ഉത്തപ്പ നരെയ്നെ പിന്തുണക്കുകയും ചെയ്തിരുന്നു. തെറ്റായ ബൗളിംഗ് തീരുമാനങ്ങളാണ് ടീം തോല്‍വിക്ക് കാരണമെന്ന് കഴിഞ്ഞ ദിവസം ടീമിലെ സൂപ്പര്‍ താരം ആന്ദ്രെ റസല്‍ പരസ്യമായി പറഞ്ഞതും എന്നാല്‍ പിന്നില്‍ നിന്നുള്ള കുത്തുകള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്‍ത്തിക്കിന്റെ മറുപടിയും കൊല്‍ക്കത്ത ടീമിനകത്ത് കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നതിന്റെ സൂചനയാണെന്നാണ് ആരാധകര്‍ കരുതുന്നത്.