സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനെ രൂക്ഷമായി വിമര്‍ശിച്ച് സ്‌പിന്‍ ഇതിഹാസം എരപ്പള്ളി പ്രസന്ന. അശ്വിനെ കുറ്റവാളി എന്നാണ് ഇന്ത്യന്‍ മുന്‍ താരം വിശേഷിപ്പിച്ചത്.

ജയ്‌പൂര്‍: മങ്കാദിങ് വിവാദത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിനെ രൂക്ഷമായി വിമര്‍ശിച്ച് സ്‌പിന്‍ ഇതിഹാസം എരപ്പള്ളി പ്രസന്ന. 'കുറ്റവാളി' എന്നാണ് അശ്വിനെ ഇന്ത്യന്‍ മുന്‍ താരം വിശേഷിപ്പിച്ചത്. ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ്- രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിലായിരുന്നു വിവാദം സംഭവം അരങ്ങേറിയത്.

'രാജസ്ഥാന്‍ റോയല്‍സിന്‍റെ ഇംഗ്ലീഷ് താരം ജോസ് ബട്‌ലറെ മങ്കാദിങ്ങിലൂടെ പുറത്താക്കിയത് സ്വാഭാവികമായാണ് എന്ന അശ്വിന്‍റെ വാക്കുകള്‍ അസംബന്ധമാണ്. താനൊരു കുറ്റവാളിയാണ് എന്ന് അശ്വിന് തോന്നുന്നുണ്ട്. അത് മറയ്ക്കാനാണ് ശ്രമം. അശ്വിന്‍ കബളിപ്പിക്കുകയാണ്. അയാള്‍ സത്യം പറയുന്നില്ല' എന്ന് എരപ്പള്ളി പ്രസന്ന ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. 

അശ്വിന്‍റെ മങ്കാദിങില്‍ രൂക്ഷ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്തുനിന്ന് ഉയര്‍ന്നത്. പുറത്താകുമ്പോള്‍ 43 പന്തില്‍ 69 റണ്‍സടിച്ച് തകര്‍പ്പന്‍ ഫോമിലായിരുന്നു ജോസ് ബട്‌ലര്‍. 12.4 ഓവറില്‍ റോയല്‍സ് ഒരു വിക്കറ്റിന് 108 റണ്‍സെടുത്ത് നില്‍ക്കുമ്പോഴായിരുന്നു ഈ സംഭവം. എന്നാല്‍ ബട്‌ലര്‍ പുറത്തായ ശേഷം തകര്‍ന്ന രാജസ്ഥാന്‍ റോയല്‍സ്, കിംഗ്‌സ് ഇലവനോട് 14 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം മങ്കാദിങ്ങില്‍ പുറത്താകുന്നത്.